അശരണായ രോഗികൾക്ക് സഹായവുമായി രാജീവ് ഗാന്ധി ഫോറം
1481889
Monday, November 25, 2024 5:05 AM IST
പിറവം: പിറവത്തെ രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ കാരുണ്യം കരങ്ങളിലേക്ക് പദ്ധതിയുടെ ഭാഗമായി അശരണരായ രോഗികൾക്ക് ഭക്ഷ്യധാന്യ കിറ്റും ചികിത്സാ സഹായവും വിതരണം ചെയ്തു. നിർധനരും വിധവകളുമായവരെ സഹായിക്കാൻ കഴിഞ്ഞ 12 വർഷമായി രാജീവ് ഗാന്ധി കൾച്ചറൽ ഫോറം നടത്തിവരുന്ന അമ്മയോടൊപ്പം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
മറിയ ഉമ്മൻ നേതൃത്വം നൽകുന്ന മന്നാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ‘ഉമ്മൻ ചാണ്ടി സ്നേഹ സ്പർശം' പദ്ധതിയുമായി സഹകരിച്ച് പിറവം മേഖലയിലെ രോഗികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റും പിറവം മഠത്തിപ്പറമ്പിൽ എം.സി. വർക്കി മെമ്മോറിയൽ നൽകുന്ന ചികിത്സാ സഹായവുമാണ് വിതരണം ചെയ്തത്.
പിറവം കമ്പാനിയൻസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മറിയ ഉമ്മൻ നിർവഹിച്ചു. രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ചെയർമാൻ സാബു കെ. ജേക്കബ് അധ്യക്ഷത വഹിച്ചു.
ജോർജ് സ്ലീബ, ജേക്കബ് വർഗീസ് മഠത്തിപ്പറമ്പിൽ, എ.സി. പീറ്റർ, ഗീവർഗീസ് മുളയംകോട്ടിൽ കോർ എപ്പിസ്കോപ്പ, ബ്രദർ ജയ്സൺ കെ. സ്കറിയ, എം.ടി. പൗലോസ്, കുര്യൻ പുളിക്കൽ, തമ്പി പുതുവാക്കുന്നേൽ, ടോണി ചെട്ടിയാകുന്നേൽ എന്നിവർ പ്രസംഗിച്ചു.