ബോട്ടു യാത്രക്കാർക്ക് തീരാദുരിതം
1482442
Wednesday, November 27, 2024 5:29 AM IST
വൈപ്പിൻ: വൈപ്പിൻ -വില്ലിംഗ്ടൺ ഐലന്റ്-എറണാകുളം ജലഗതാഗത പാതയിൽ സംസ്ഥാന ജലഗതാഗത വകുപ്പ് അധികൃതരുടെ അനാസ്ഥമൂലം യാത്രാ ദുരിതമെന്ന് പരാതി.
ബോട്ടുകളുടെ അഭാവം പറഞ്ഞ് ട്രിപ്പുകൾ വെട്ടിച്ചുരുക്കുക പതിവായതാണ് ദുരിതത്തിനു കാരണം. രാവിലെ 8.40 നും 9.10 നും വൈപ്പിനിൽ നിന്നുള്ള ട്രിപ്പുകളിൽ ഇപ്പോൾ 8.40 ന്റെ ട്രിപ്പ് പലപ്പോഴും ഓടാറില്ല.
ഈ സാഹചര്യത്തിൽ 9.10 നുളള ബോട്ടിൽ സുരക്ഷ പോലും പരിഗണിക്കാതെ നിറയെ ആളുകളെ കുത്തിക്കയറ്റിയാണ് യാത്ര. ഈ ബോട്ടാകട്ടെ ഷെഡ്യൂൾ പ്രകാരം ഫോർട്ടു കൊച്ചിയിൽ അടുത്തു പോകേണ്ടതല്ലെങ്കിലും ഈ ബോട്ട് ഫോർട്ടുകൊച്ചിയിൽ ചെന്നിട്ടാണ് പിന്നീട് വില്ലിംഗ്ടൺ ഐലൻഡിലും അവിടെ നിന്ന് എറണാകുളത്തേക്കും പോകുന്നത്. ഈ സമയത്ത് ഫോർട്ടുകൊച്ചിയിൽനിന്ന് എറണാകുളത്തേക്കുള്ള മറ്റൊരു ബോട്ടിന്റെ ട്രിപ്പും വെട്ടിച്ചുരിക്കിയിട്ടുണ്ട്. ഇത് പരിഹരിക്കാനാണ് വൈപ്പിനിൽ നിന്നും ഐലൻഡിൽ അടുത്ത് എറണാകുളത്തേക്ക് പോകേണ്ട ബോട്ട് ഫോർട്ടുകൊച്ചിയിൽ അടുത്തശേഷം പോകുന്നതത്രേ. ബോട്ടുകൾ തകരാറിലെന്ന് പറഞ്ഞ് സർവീസുകൾ വെട്ടിച്ചുരുക്കി ലാഭം കൊയ്യുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്ന് യാത്രക്കാർ ആരോപിക്കുന്നു.
ഇതുമൂലം ഐലൻഡിലും മറ്റുമുള്ള ഓഫീസുകളിൽ രാവിലെ 9.30 മുതൽ പത്തുവരെ ജോലിക്ക് ഹാജരാക്കേണ്ട പല ജീവനക്കാരും ദിവസവും വളരെ വൈകിയാണ് ഓഫീലെത്തുന്നത്. ബോട്ടു ജീവനക്കാരോട് പരാതിപ്പെട്ടാൽ മേലധികാരികളുടെ ഫോൺ നമ്പർ നൽകി തടിപ്പുകയാണ് ചെയ്യുന്നത്. ഇവർ തരുന്ന നമ്പറിൽ വിളിച്ചാൽ കൃത്യമായ മറുപടിയുമില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു.