കോതമംഗലം മണ്ഡലത്തിൽ 14 കേന്ദ്രങ്ങളിൽ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുമെന്ന്
1481885
Monday, November 25, 2024 5:05 AM IST
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ 14 കേന്ദ്രങ്ങളിൽ കെ ഫൈ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുമെന്ന് ആന്റണി ജോണ്‍ എംഎൽഎ. സംസ്ഥാന ഐടി മിഷൻ പൊതുജനങ്ങൾക്കായി പൊതു ഇടങ്ങളിൽ നടപ്പാക്കുന്ന സൗജന്യ കേരള വൈഫൈ സേവനമാണിത്. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളായ കീരംപാറ പഞ്ചായത്ത്, കോതമംഗലം ബ്ലോക്ക് ഓഫീസ് ന്യൂ ബിൽഡിംഗ്, കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡ്, കോതമംഗലം മുനിസിപ്പൽ ഓഫീസ്, കോതമംഗലം കെഎസ്ഇബി ഓഫീസ്, നെല്ലിക്കുഴി ലൈബ്രറി, കവളങ്ങാട്, പല്ലാരിമംഗലം, കുട്ടന്പുഴ പഞ്ചായത്ത്, പിവിഐപി ഗാർഡൻ, കോതമംഗലം റവന്യൂ ടവർ, കോതമംഗലം മിനി സിവിൽ സ്റ്റേഷൻ, വാരപ്പെട്ടി പഞ്ചായത്ത് ഓഫീസ്, കോതമംഗലം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ സൗജന്യ വൈഫൈ ലഭിക്കുന്നത്.
ഫോണിലോ കന്പ്യൂട്ടറിലോ കേരള വൈഫൈ കണക്ഷൻ ലഭിക്കുന്നതിന് കേരള ഗവണ്മെന്റ് വൈഫൈ എടുത്തതിന് ശേഷം കെഫൈ എന്ന് സെലക്ട് ചെയ്യണം. തുടർന്ന് മൊബൈൽ ഫോണ്‍ നന്പർ കൊടുക്കുന്നതോടെ ഒടിപി ലഭ്യമാകും. ഇതോടെ ഒരു ജിബി സൗജന്യ വൈഫൈ ലഭിക്കുകയും ചെയ്യും. ദിവസം ഒരു ജിബി വരെ ഉപയോഗിക്കാനാകും. ഈ പരിധി കഴിഞ്ഞാലും സർക്കാർ സേവനങ്ങൾ കിട്ടും.
കെഫൈ പരിധിക്കുള്ളിൽ എത്തുന്പോൾ വൈഫൈ ഓണ്‍ ചെയ്ത് മൊബൈൽ ഫോണ്‍ നന്പർ കൊടുത്ത് ലോഗിൻ ചെയ്യാം. ഇപ്പോൾ ഒരു സ്ഥലത്ത് 100 പേർക്ക് ഉപയോഗിക്കാവുന്ന ഇന്റർനെറ്റ് ശേഷി ഉപയോഗം വിലയിരുത്തി വർധിപ്പിക്കുമെന്നും തുടർച്ചയിൽ മണ്ഡലത്തിലെ കൂടുതൽ കേന്ദ്രങ്ങളിൽ കെഫൈ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും എംഎൽഎ അറിയിച്ചു.