ഹൃദയം നിലച്ച ആറു വയസുകാരിക്ക് പുതുജീവന്‍
1482421
Wednesday, November 27, 2024 5:28 AM IST
കൊച്ചി: ഹൃദയം നിലച്ച ആറുവയസുകാരിക്ക് കൊച്ചി അമൃത ആശുപത്രിയിലെ ചികിൽസയിലൂടെ പുതുജീവന്‍. ഇന്‍ഫ്ളുവന്‍സ (ഫ്ളൂ) രോഗത്തിന്റെ സങ്കീര്‍ണതയാല്‍ ഹൃദയപേശികള്‍ക്ക് ഗുരുതരമായ വീക്കമുണ്ടായതിനെ തുടര്‍ന്ന് തൃശൂര്‍ മേലഡൂര് സ്വദേശിനിയായ രുദ്ര വൈരയെ കഴിഞ്ഞ 11നാണ് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചത്. വൈറല്‍ മയോകാര്‍ഡൈറ്റിസ് മൂലം ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ മൂന്ന് ദിവസത്തോളം എക്മോ സംവിധാനം ഉപയോഗിച്ചാണ് ജീവന് നിലനിര്‍ത്തിയത് (ശരീരത്തില്‍ നിന്ന് ഓക്സിജന്‍ കുറഞ്ഞ അശുദ്ധ രക്തത്തെ എക്മോ സംവിധാനം വഴി കടത്തിവിട്ട് ഓക്സിജന്‍ പൂരിതമാക്കിയ ശേഷം രക്തചംക്രമണത്തിനാവശ്യമായ മര്‍ദത്തില്‍ തിരികെ ശരീരത്തിലേക്ക് നല്കുന്ന അടിയന്തിര ജീവന് രക്ഷാചികിത്സയാണ് എക്മോ).
ഫ്ളൂ അഥവാ ഇന്‍ഫ്ളുവന്‍സ വളരെ സാധാരണമാണെങ്കിലും അപൂര്‍വമായി അത് കുട്ടികളിലും രോഗപ്രതിരോധശക്തി കുറഞ്ഞ മുതിര്‍ന്നവരിലും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാമെന്ന് ചികിത്സയ്ക്ക് നേതൃത്വം കൊടുത്ത പീഡിയാട്രിക് പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ. സജിത്ത് കേശവന് പറഞ്ഞു. പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം പ്രഫസര്‍ ഡോ. കെ.എച്ച്. ഷൈന്‍ കുമാര്‍, ചീഫ് പീഡിയാട്രിക് കാര്‍ഡിയാക് സര്ജന് ഡോ. പി.കെ. ബ്രിജേഷ് , പീഡിയാട്രിക് പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഗ്രീഷ്മ ഐസക്ക് എന്നിവര്‍ ചികിത്സയില്‍ പങ്കാളികളായി. ചികിത്സയിലൂടെ ക്രമേണ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി വീണ്ടെടുത്തശേഷം കുട്ടി ആശുപത്രി വിട്ടു. ചികിത്സയ്ക്ക് നേതൃത്വം നല്കിയ ഡോക്ടര്‍മാര്‍, സ്റ്റാഫംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം മധുരം പങ്കുവച്ച ശേഷമാണ് കുട്ടി വീട്ടിലേക്ക് മടങ്ങിയത്.