റോഡുകൾ കുളമാക്കി ; ചൂണ്ടി വാട്ടർ അഥോറിറ്റി എഇഒയെ ഉപരോധിച്ചു
1482440
Wednesday, November 27, 2024 5:29 AM IST
കോലഞ്ചേരി: ജൽജീവൻ മിഷൻ പൈപ്പിടലിന്റെ പേരിൽ പഞ്ചായത്ത് പ്രദേശത്തെ റോഡുകൾ മുഴുവൻ കുളമാക്കിയതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുത്തൻകുരിശ് - അമ്പലമുഗൾ മണ്ഡലം കമ്മിറ്റികൾ സംയുക്തമായി ചൂണ്ടി വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു.
പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ പൈപ്പുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് റോഡിലെടുത്ത കുഴികൾ നിലവിൽ യാത്രക്കാർക്ക് ദുരിതമായിരിക്കുകയാണെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ഈ റോഡുകളിൽ വാഹനാപകടങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്.
പദ്ധതിയുമായി യാതൊരു ബന്ധവുമില്ലെന്നും പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്തതിനുശേഷം ജൽജീവൻ മിഷൻ വിഭാഗത്തെ ഏൽപ്പിച്ചെന്നും അവരാണ് തുടർനടപടി എടുക്കേണ്ടതെന്നും ചൂണ്ടി വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. എംഎൽഎ ഇടപെട്ട് സർക്കാരിൽനിന്നു ലഭിക്കേണ്ട തുക അനുവദിപ്പിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി യുഡിഎഫ് രംഗത്തിറങ്ങുമെന്ന് പുത്തൻകുരിശ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പോൾസൺ പീറ്റർ പറഞ്ഞു.