ആലുവയിലെ മോഷണ പരമ്പര: നാലംഗ സംഘം അറസ്റ്റിൽ
1482432
Wednesday, November 27, 2024 5:29 AM IST
ആലുവ: ആലുവയിലും സമീപ ഗ്രാമങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി മോഷണം നടത്തിയ നാലംഗ സംഘത്തേയും മോഷണ വസ്തുക്കൾ വാങ്ങിയ വ്യാപാരിയെയും ആലുവ പോലീസ് അറസ്റ്റു ചെയ്തു. ആസാം നാഗൂൺ സ്വദേശികളായ ഗുൽജാർ ഹുസൈൻ ( 24 ), അമീർ ഹുസൈൻ(25), രജാക്ക് അലി, (24), തെങ്കാശി സ്വദേശി മാരിമുത്തു (27) എന്നിവരടങ്ങുന്ന മോഷണ സംഘത്തെയാണ് പിടികൂടിയത്.
സ്ഥിരമായി മോഷണ മുതൽ വാങ്ങി പണം നൽകിയിരുന്ന ആക്രി കടക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കടയിൽ നിന്നും നിരവധി മോഷണ വസ്തുക്കൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഇതുകൂടാതെ പ്രതികൾ സൂക്ഷിച്ചിരുന്ന മോഷണ വസ്തുക്കളും ലഭിച്ചു.
എറണാകുളത്ത് ലോഡ്ജിൽ വാടകയ്ക്ക് മുറി എടുത്തശേഷം പകൽ സ്ഥലം കണ്ടെത്തി മോഷണം നടത്തുകയാണ് ഇവർ ചെയ്യുന്നത്. വില കുറഞ്ഞ മോഷണ വസ്തുക്കൾ ആക്രിക്കടയിലും വിലപിടിപ്പുള്ള സ്വർണമടക്കമുള്ള വസ്തുക്കൾ തമിഴ്നാട്ടിലെ കടയിലുമാണ് വിറ്റിരുന്നത്.
അമ്പലങ്ങൾ, പള്ളികൾ, ആൾതാമസമില്ലാത്ത വീടുകൾ എന്നിവിടങ്ങളിലാണ് ഇവരുടെ മോഷണം. മോഷണവസ്തുക്കൾ വാങ്ങുന്ന ആക്രി കടക്കാർക്കെതിരെ ക൪ശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. മോഷണ പരമ്പരയെക്കുറിച്ച് 'ദീപിക' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ ആലുവ ഡിവൈഎസ്പി ടി.ആ൪.രാജേഷ് , ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്ഐമാരായ എസ്.എസ്. ശ്രീലാൽ, പി.എം.സലിം തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തമിഴ്നാട്ടിലെത്തി അന്വേഷണം നടത്തുമെന്നും എസ്പി അറിയിച്ചു.