തിരുമാറാടി, കവളങ്ങാട് പഞ്ചായത്തുകളിൽ കേരളോത്സവത്തിന് തുടക്കമായി
1481890
Monday, November 25, 2024 5:05 AM IST
തിരുമാറാടി: പഞ്ചായത്തിൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് തുടക്കമായി. തിരുമാറാടി ഗവ. വിഎച്ച്എസ്എസ് ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.എം. ജോർജ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം ആലീസ് ബിനു, ബ്ലോക്ക് പഞ്ചായത്തംഗം സി.ടി. ശശി, അസിസ്റ്റന്റ് സെക്രട്ടറി എസ്. സാബുരാജ്, ഭാമ സോമൻ, ദിൽമോഹൻ എന്നിവർ പങ്കെടുത്തു. തിരുമാറാടി സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ്, അത്ലറ്റിക് മത്സരങ്ങളും പഞ്ചായത്ത് ഹാളിൽ കലാമത്സരങ്ങളും, വടകര സെന്റ് ജോണ്‍സ് സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരങ്ങളും നടന്നു. പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. തിരുമാറാടി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ ടിവൈഎംഎ തിരുമാറാടി ഒന്നാം സ്ഥാനവും ഗരുഡ തിരുമാറാടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കവളങ്ങാട് പഞ്ചായത്തുമായി ചേർന്ന് നടത്തുന്ന കേരളോത്സവം 2024 മത്സരങ്ങളുടെ ഭാഗമായി ചെന്പൻകുഴി ഗവ. യുപി സ്കൂൾ ഗ്രൗണ്ടിൽ നടന്ന വോളിബോൾ മത്സരങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലിസി ജോളി അധ്യക്ഷത വഹിച്ചു.
കേരളോത്സവത്തിന്റെ ഭാഗമായി ഷട്ടിൽ മത്സരങ്ങൾ ഇന്ന് നേര്യമംഗലം നിള ഓഡിറ്റോറിയത്തിലും സ്പോർട്സ് മത്സരങ്ങൾ നാളെ പരീക്കണ്ണി അന്തിനാട്ട് സ്പോർട്സ് ക്ലബ് അരീനയിലും കലാ മത്സരങ്ങൾ 27ന് നേര്യമംഗലം കമ്യൂണിറ്റി ഹാളിലും ഫുട്ബോൾ മത്സരം 30ന് രാവിലെ മുതൽ നെല്ലിമറ്റം സെന്റ് ജോണ്‍സ് സ്കൂൾ ഗ്രൗണ്ടിലും ക്രിക്കറ്റ് മത്സരങ്ങൾ ഒന്നിന് രാവിലെ ഒന്‍പത് മുതൽ പരീക്കണ്ണി അന്തിനാട്ട് സ്പോർട്സ് ഹബ് അരീനയിലും നടക്കും.
കേരളോത്സവ സമാപന സമ്മേളനത്തിൽ സംസ്ഥാന സ്കൂൾ കായികമേളയിൽ പോൾ വോൾട്ടിൽ സ്വർണം നേടിയ ജീന ബേസിലിനെയും ജില്ലാതല മത്സരത്തിൽ വിവിധ കായിക ഇനങ്ങളിൽ സ്വർണം നേടിയ ആൻ മരിയ ബിനുവിനെയും ആദരിക്കും.