42 ശതമാനം തവളകളും വംശനാശ ഭീഷണിയില്‍
1482423
Wednesday, November 27, 2024 5:28 AM IST
കൊച്ചി: ലോകത്ത് ഇനിയും 55 ശതമാനത്തോളം ജന്തു സസ്യ ഇനങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രമുഖ ഉഭയജീവി ഗവേഷകനും ഡല്‍ഹി യൂണിവേഴ്സിറ്റി സീനിയര്‍ പ്രഫസറുമായ ഡോ. എസ്.ഡി. ബിജു. വനം, വന്യജീവി, പരിസ്ഥിതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പോളിസികളാണ് ഇതിനു തടസം. വന്യജീവി സംരക്ഷണം എന്ന പേരില്‍ നാലോ അഞ്ചോ ഇനത്തില്‍പ്പെട്ട മൃഗങ്ങള്‍ക്കു മാത്രമാണ് പരിഗണന ലഭിക്കുന്നതെന്നും അതിനപ്പുറം കാര്യമായ ഒന്നും സര്‍ക്കാരുകള്‍ ചെയ്യുന്നില്ലെന്നും എറണാകുളം പ്രസ്ക്ലബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
നാനൂറ് മില്യന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആവിര്‍ഭവിച്ച് ഇന്നും നിലനില്ക്കുന്നതായ ഉഭയജീവി വിഭാഗത്തില്‍പ്പെടുന്ന തവളകള്‍ പോലും പലവിധ കാരണങ്ങള്‍ വംശനാശ ഭീഷണിയിലാണ്. 8,815 ഇനങ്ങളിലുള്ള തവളകള്‍ ലോകത്തുണ്ടെന്നാണ് കണക്കുകള്‍. ഇന്ത്യയില്‍ 456 ഇനങ്ങളിലും കേരളത്തില്‍ 196 ഇനങ്ങളിലുമുള്ള തവളകളുണ്ട്. ഇതില്‍ 42 ശതമാനത്തോളം തവളകളാണ് വംശനാശ ഭീഷണി നേരിടുന്നത്. അതായത് അഞ്ചില്‍ ഒരെണ്ണം. ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും തണ്ണീര്‍ത്തടങ്ങളുടെ നശീകരണവും കാലാവസ്ഥ വ്യതിയാനങ്ങളുമൊക്കെയാണ് കാരണം.
രാജ്യത്ത് തവളകളെ സംരക്ഷിക്കുന്നതിനായി ഒരു ദേശീയോദ്യാനം എന്ന ആശയം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയെങ്കിലും പിന്നീട് അതിലൊരു നടപടിയും ഉണ്ടായതായി അറിയില്ല. എല്ലാ ഇനങ്ങളിലുമുള്ള ജീവജാലങ്ങള്‍ക്കും പരിഗണന ലഭിക്കും വിധം നയങ്ങളില്‍ മാറ്റം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.