കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ പഞ്ചായത്തുകൾക്ക് മടി: ഓഞ്ഞിത്തോട് സംരക്ഷണസമിതി വീണ്ടും ഹൈക്കോടതിയിലേക്ക്
1481893
Monday, November 25, 2024 5:05 AM IST
ആലുവ: പെരിയാറിന്റെ കൈവഴിയായ ഓഞ്ഞിത്തോടിലെ കൈയേറ്റങ്ങൾ റീ സർവേയിൽ കണ്ടെത്തിയിട്ടും വീണ്ടെടുക്കാൻ കടുങ്ങല്ലൂർ, ആലങ്ങാട് ഗ്രാമപഞ്ചായത്തുകൾക്ക് രണ്ടര വർഷം കഴിഞ്ഞിട്ടും സാധിക്കുന്നില്ല. ഇതിനെതിരേ ഓഞ്ഞിത്തോട് സംരക്ഷണ സമിതി ഹൈക്കോടതിയെ വീണ്ടും സമീപിച്ചു.
ഹൈക്കോടതി (ഡബ്ലിയു പി 9562/2021) നിർദേശപ്രകാരം 2021 ഒക്ടോബർ മുതൽ 2022 മാർച്ച് വരെ നടത്തിയ റീസർവേയിൽ കേവലം 3.5 ഏക്കർ ഉണ്ടായിരുന്ന ഓഞ്ഞിത്തോട് 100 ഏക്കറായാണ് വീണ്ടെടുത്തത്. 50 വർഷമായി കൈയേറ്റക്കാരുടെ അധീനതയിലായിരുന്ന ഓഞ്ഞിത്തോട് പുഴയാണ് ജില്ലാ കളക്ടറുടെ സ്പെഷൽ സർവേ ടീം വീണ്ടെടുത്തത്.
രൂപരേഖ തയാറാക്കിയപ്പോൾ 19.4 കിലോമീറ്റർ നീളത്തിൽ ഇരുകരകളിലുമായി ആകെ 64 കൈയേറ്റങ്ങൾ കണ്ടെത്തി. സ്വകാര്യ വ്യക്തികൾ മാത്രമല്ല ഉടമകളായ ഇരു പഞ്ചായത്തുകളും പൊതുമരാമത്തു വകുപ്പും ചേർന്ന് തോട് കൈയേറി ടാർ റോഡ് നിർമിച്ചതായും തെളിഞ്ഞു.
കടുങ്ങല്ലൂർ-എലൂക്കര ഫെറി റോഡിൽ സ്വകാര്യ വ്യക്തി കൈയോറിയ ഭാഗത്ത് ടൈൽ ഇടൽ പദ്ധതിയും ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയിട്ടുണ്ട്.
കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിൽ പഞ്ചായത്തുകൾ കൃത്യവിലോപം തുടരുകയാണെന്ന് കൺവീനർ കെ.എസ്. പ്രകാശ് 'ദീപിക' യോട് പറഞ്ഞു. നീരൊഴുക്കു നിലച്ച ഓഞ്ഞിത്തോടിനെ രക്ഷിച്ച് കൈവെള്ളയിൽ വച്ചു കൊടുത്തിട്ടും അതിർത്തി കല്ലിടൽ പൂർത്തിയാക്കാൻ പഞ്ചായത്തുകൾക്ക് താത്പര്യമില്ലെന്ന് കൺവീനർ ആരോപിച്ചു.
അതേസമയം മൈനർ ഇറിഗേഷൻ വകുപ്പ് പുനരുദ്ധാരണ പദ്ധതിയിൽ നേതൃത്വം നൽകാൻ തയറായ പഞ്ചായത്തുകൾക്ക് പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 12 ലൂടെ ഒഴുകുന്ന 2.3 കിമീ ഭാഗത്തിന്റെ പുനരുദ്ധാരണത്തിനായി 35.60 കോടി രൂപയുടെ എസ്റ്റിമേറ്റാണ് വകുപ്പ് നൽകിയിരിക്കുന്നത്. എന്നാൽ കൈയേറ്റക്കാരെ മുഴുവനായി ഒഴിപ്പിക്കാതെ പദ്ധതി തുടങ്ങാനുമാകില്ല.
അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും നടപടികൾ എടുക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നാണ് ഓഞ്ഞിത്തോട് സംരക്ഷണ സമിതി ഹൈക്കോടതിയിൽ സർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.