തീരദേശ നിയന്ത്രണ മേഖല പഠനത്തിനായി തുക അനുവദിച്ചു
1482657
Thursday, November 28, 2024 4:45 AM IST
കൊച്ചി: വടുതല പേരണ്ടൂര്‍ പാലം നിര്‍മാണത്തിന്റെ ഭാഗമായി തീരദേശ നിയന്ത്രണ മേഖല സംബന്ധിച്ച പഠനങ്ങള്‍ക്കായി സര്‍ക്കാര്‍ തുക അനുവദിച്ചതായി ടി.ജെ.വിനോദ് എംഎല്‍എ അറിയിച്ചു. നേരത്തെ പാലത്തിനായി ഏകദേശം 32.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഇതില്‍ നിന്നാണ് ഇപ്പോള്‍ തുക അനുവദിച്ചിട്ടുള്ളത്. പഠന റിപ്പോര്‍ട്ട് തയാറാക്കാന്‍ ഏകദേശം 15 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് ടി.ജെ.വിനോദ് എംഎല്‍എ പറഞ്ഞു.
തിരുവനന്തപുരം ആക്കുളത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഈ റിപ്പോര്‍ട്ട് കേരള തീരദേശ പരിപാലന അഥോറിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന് അംഗീകാരം ലഭിച്ചെങ്കില്‍ മാത്രമേ പാലം പണിയുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയൂ.
ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന തുകയില്‍ പത്ത് ലക്ഷം രൂപ കേരളതീരദേശ പരിപാലന അഥോറിറ്റിയില്‍ അടയ്ക്കേണ്ട വിഹിതമാണ്. പഠനം നടത്തുന്നതിനായി ദേശിയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിന് ഒടുക്കേണ്ട ഫീസും പാലത്തിന്റെ കല്ല് ഇടുന്നതിന് വേണ്ടിവരുന്ന തുകയും ചേര്‍ത്താണ് ബാക്കി വരുന്ന അഞ്ച് ലക്ഷത്തോളം രൂപ ചെലവ് കണക്കാക്കുന്നത്. ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിലെ എന്‍ജിനീയര്‍മാരുമായി ബന്ധപ്പെട്ടതായും അവര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക പരിശോധന നടത്തിയതായും ടി.ജെ.വിനോദ് പറഞ്ഞു.