തൊഴിലാളി ലയങ്ങൾ കാട്ടാന നശിപ്പിച്ചു
1482141
Tuesday, November 26, 2024 4:59 AM IST
അയ്യമ്പുഴ: പ്ലാന്റേഷൻ കോർപറേഷൻ കല്ലാല എസ്റ്റേറ്റിൽ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം രാത്രി കല്ലാല ബി ഡിവിഷനിലെ നാല് തൊഴിലാളി ലയങ്ങളാണ് ആന നശിപ്പിച്ചു. ലയങ്ങളിൽ തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തൊഴിലാളികളുടെ വസ്ത്രങ്ങളും ടാപ്പിംഗ് ഉപകരണങ്ങളും ആന നശിപ്പിച്ചു.
മൂന്ന് മാസം മുൻപ് ഇതിനടുത്ത ലയങ്ങളും ആന നശിപ്പിച്ചിരുന്നു. ലയങ്ങൾ ആന നശിപ്പിക്കാതിരിക്കാൻ ലയങ്ങൾക്കു ചുറ്റും പവർ ഫെൻസിംഗ് സ്ഥാപിക്കണമെന്ന് മാനേജ്മെന്റിനോട് തൊഴിലാളികളും തൊഴിലാളി യൂണിയനുകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ പവർ ഫെൻസിംഗ് സ്ഥാപിച്ചിട്ടില്ലെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ആഴ്ചയിൽ കല്ലാല സി ഡിവിഷനിലെ ലയങ്ങൾ ആന നശിപ്പിച്ചിരുന്നു. ഇത്തരത്തിൽ കെട്ടിടങ്ങൾ നശിക്കുന്നതു മൂലം വലിയ സാമ്പത്തിക നഷ്ടമാണ് കോർപറേഷന് ഉണ്ടാകുന്നത്.
കല്ലാല എസ്റ്റേറ്റിൽ കട്ടാന ശല്യം മൂലം പകൽസമയങ്ങളിൽ പോലും യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണുള്ളതന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ജീവഭയമില്ലാതെ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പരിഗണിക്കാത്തതിൽ യൂണിയനുകൾ അസംതൃപ്തരാണ്.