യുഡിഎഫ് ഭരണഘടനാ സംരക്ഷണ സദസ് സംഘടിപ്പിച്ചു
1482422
Wednesday, November 27, 2024 5:28 AM IST
കൊച്ചി: മതരാഷ്ട്രമല്ല, ജനാധിപത്യ, മതേതര രാഷ്ട്രമാണ് നമ്മുടേതെന്ന് അടിവരയിടുന്നതാണ് ഇന്ത്യന്‍ ഭരണഘടനയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എറണാകുളത്ത് യുഡിഎഫ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ എന്ന മനോഹരമായ ആശയമാണ് ഭരണഘടനയില്‍ പ്രതിഫലിക്കുന്നത്. അയ്യായിരം വര്‍ഷത്തെ രാജ്യത്തിന്റെ പാരമ്പര്യവും വിവിധ രാജ്യങ്ങളില്‍ നിന്നും നമ്മുടെ രാജ്യത്തേക്ക് വന്ന ജീവിത രീതികളെയും സംസ്ക്കാരങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് നമുക്കുള്ളത്. എല്ലാത്തിനെയും ചേര്‍ത്ത് പിടിക്കുകയെന്ന ദേശീയ പ്രസ്ഥാനത്തിന്റെ കാതലാണ് ഇന്ത്യന്‍ ഭരണഘടന.
ജനാധിപത്യം, മതേതരത്വം തുടങ്ങിയവ രാജ്യത്തിന്റെ ഹൃദയഭിത്തിയില്‍ ആലേഖനം ചെയ്യപ്പെട്ട വാക്കുകളാണ്. അത് തകര്‍ത്തുകളയാന്‍ ശ്രമിച്ചാല്‍ ഇന്ത്യയുടെ ഹൃദയമാണ് തകരുന്നതെന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ അധ്യക്ഷനായിരുന്നു. എംഎൽഎമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസിഫ് അലി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ, ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ ബാബു, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി. ധനപാലൻ, ജയ്സൺ ജോസഫ്, ടോണി ചമ്മിണി, പി. കെ. അബ്ദുൽ റഹ്മാൻ, ബൈജു മേനാച്ചേരി, എൻ.ഒ. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.