അരൂരിലെ രണ്ടാമത്തെ റെയിൽപാലത്തിന്റെ നിർമാണത്തിന് തുടക്കം
1481694
Sunday, November 24, 2024 6:33 AM IST
അരൂർ: കേരളത്തിലെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലത്തിന്റെ നിർമാണം ദക്ഷിണ റെയിൽവേ ആരംഭിച്ചു. 208 കോടി രൂപ ചെലവിൽ തീരദേശ പാതയിൽ മൂന്നു പുതിയ പാലങ്ങൾ ഉൾപ്പെടുന്ന വലിയ പദ്ധതിയുടെ ഭാഗമായാണ് രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന അരൂർ-കുമ്പളം റെയിൽവേ പാലം.
തീരദേശ പാത ഇരട്ടിപ്പിക്കൽ പദ്ധതിയുടെ ഭാഗമായാണ് വേമ്പനാട് കായലിനു കുറുകെ പാലം നിർമിക്കുന്നത്. നിർമാണത്തിന്റെ ഭാഗമായി സിമന്റ് ബ്ലോക്കുകൾ നിരത്തി ഭൂമിയുടെ ബലം പരിശോധിക്കൽ ആരംഭിച്ചു. അരൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയുടെ സമീപമുള്ള റെയിൽവേ പാലത്തിന് സമാന്തരമായി പടിഞ്ഞാറുവശമാണ് പുതിയ പാലം വരുന്നത്. ഇത് 854.5 മീറ്ററിൽ സംസ്ഥാനത്തെ രണ്ടാമത്തെ നീളം കൂടിയ റെയിൽവേ പാലമായിരിക്കും. രണ്ടു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
തീരദേശ പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം-അരൂർ സെക്ഷനിൽ 208 കോടി രൂപ ചെലവിൽ മൂന്നു പാലങ്ങളാണ് വരുന്നത്. കോന്തുരുത്തി-നെട്ടൂർ (152.5 മീറ്റർ), നെട്ടൂർ-കുമ്പളം (158.6 മീറ്റർ) എന്നിവയാണ് മറ്റ് രണ്ടെണ്ണം. ഈ പാലങ്ങളുടെ പ്രവൃത്തികളും രണ്ടു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പദ്ധതിയുടെ ചുമതലയുള്ള റെയിൽവേ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പറഞ്ഞു.
എറണാകുളം-കായംകുളം തീരദേശ ലൈൻ 102 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്, 23 കിലോമീറ്റർ നീളമുള്ള എറണാകുളം-കുമ്പളം-തുറവൂർ സെക്ഷനിൽ ഇപ്പോൾ ഇരട്ടിപ്പിക്കൽ ജോലികൾ അനുവദിച്ചിട്ടുണ്ട്. റെയിൽവേ ബോർഡിന് വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) സമർപ്പിച്ചെങ്കിലും തുറവൂർ-അമ്പലപ്പുഴ സെക്ഷനിൽ (45.86 കിലോമീറ്റർ) ട്രാക്ക് ഇരട്ടിപ്പിക്കൽ നാളിതുവരെ അനുവദിച്ചിട്ടില്ല. അമ്പലപ്പുഴ-കായംകുളം സെക്ഷനിൽ ഇരട്ടിപ്പിക്കൽ പൂർത്തിയായതായി അധികൃതർ കൂട്ടിച്ചേർത്തു.
എറണാകുളം-തുറവൂർ സെക്ഷനിലേക്കുള്ള സ്ഥലമെടുപ്പ് അന്തിമഘട്ടത്തിലാണ്.നവംബർ അവസാനത്തോടെ ഇത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.