മാലിന്യം പൊതുകാനയിലേക്ക്: ബേക്കറി അടപ്പിച്ചു
1481285
Saturday, November 23, 2024 4:31 AM IST
ആലുവ: അര ലക്ഷം രൂപ പിഴ ചുമത്തിയിട്ടും മാലിന്യം പൊതു കാനകളിലേക്ക് തള്ളുന്നത് തുടർന്ന ബാങ്ക് ജംഗ്ഷനിലെ ബേക്കറി ആലുവ നഗരസഭാ ആരോഗ്യ വിഭാഗം അടപ്പിച്ചു. കഴിഞ്ഞ മാസം ആലുവ നഗരസഭ 50,000 രൂപ പിഴ ഈടാക്കിയ കെ.ആർ. ബേക്കേഴ്സ് ആണ് മാലിന്യക്കുഴൽ പൊതു കാനയിലേക്ക് നേരിട്ട് ഒഴുക്കിവിടുന്നത് തുടർന്നത്.
ബാങ്ക് ജംഗ്ഷനിലെ ടെമ്പിൾ റോഡ് പൊതു കാന നവീകരണത്തിനായി സ്ലാബുകൾ എടുത്ത് മാറ്റിയിരുന്നു. ഇതോടെയാണ് മാലിന്യക്കുഴൽ കാനയിലേക്ക് നീട്ടി സ്ഥാപിച്ചതായി കണ്ടെത്തിയത്.
തുറന്നു കിടന്ന കാനയിൽ മാലിന്യം ഒഴുകിപ്പോകാനാകാതെ കെട്ടി നിന്നതോടെ നിർമാണവും നിലച്ചു. ഇതിനെ തുടർന്നാണ് നഗരസഭ സ്റ്റോപ്പ് മെമ്മോ കൊടുത്തത്. കഴിഞ്ഞ മാസം പിഴയായി ചുമത്തിയ 50,000 രൂപ ഈ സ്ഥാപനം അടച്ചിട്ടില്ല.
മാലിന്യം ശേഖരിച്ച് മാറ്റാമെന്ന അപേക്ഷയാണ് റസ്റ്ററന്റ് കൂടിയായി പ്രവർത്തിക്കുന്ന കെ.ആർ. ബേക്കേഴ്സ് നൽകിയിരിക്കുന്നത്.
സ്വന്തം നിലയ്ക്ക് മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം തയാറാക്കണമെന്നാണ് ഹോട്ടലുകളേയും ലോഡ്ജുകളേയും ആലുവ നഗരസഭ അറിയിച്ചിരുന്നത്.
സെപ്റ്റംബർ 30 ന് മുമ്പ് തയാറാക്കിയില്ലെങ്കിൽ ലൈസൻസ് പുതുക്കി നൽകില്ലെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ സെപ്റ്റംബർ 30 കഴിഞ്ഞാൽ വലിയ തുക പിഴയായി ഈടാക്കുന്നത് ഒഴിവാക്കാൻ ആലുവ നഗരസഭ നിലപാട് മാറ്റി. മലിനീകരണ സംവിധാനം ഒരുക്കാമെന്ന് സത്യവാങ്മൂലം നൽകിയ ഹോട്ടലുകൾക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ടെന്ന് പൊതുമരാമത്ത് സ്ഥിരം സമിതിയധ്യക്ഷൻ എം.പി. സൈമൺ പറഞ്ഞു. നഗരസഭ നൽകിയ ആനുകൂല്യം ദുരുപയോഗം ചെയ്താണ് മാലിന്യം പൊതു കാനയിലേക്ക് ഹോട്ടലുകൾ തള്ളുന്നത്. മലിനീകരണ സംവിധാനം സ്ഥാപിച്ചു എന്നവകാശപ്പെടുന്ന സ്ഥാപനങ്ങളും പൊതു കാനയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നതായി ആലുവ നഗരസഭ ആരോഗ്യ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.