‘മുറിക്കല്ല് ബൈപ്പാസില്‍ ഉയരപ്പാത പരിഗണിക്കണം’
1480714
Thursday, November 21, 2024 4:48 AM IST
മൂവാറ്റുപുഴ: മുറിക്കല്ല് ബൈപ്പാസില്‍ ഉയരപ്പാത പരിഗണിക്കണമെന്ന് മുൻ എംഎൽഎ ബാബു പോൾ. 2009ല്‍ ഭരണാനുമതി ലഭിച്ച് സ്ഥലമെടുപ്പ് നടപടികള്‍ അവസാന ഘട്ടത്തില്‍ എത്തിയിട്ടുള്ള മൂവാറ്റുപുഴ മുറിക്കല്ല് ബൈപാസിന്റെ നിര്‍മാണത്തില്‍ മാറാടി വില്ലേജില്‍ ഉള്‍പ്പെടുന്ന പാടശേഖര ഭാഗത്താണ് ഉയരപ്പാത പരിഗണിക്കണമെന്ന് മുന്‍ എംഎല്‍എ കെആർഎഫ്ബി അധികാരികളോട് ആവശ്യപ്പെട്ടത്.
ബൈപാസ് നിര്‍മാണത്തിനുള്ള 80 ശതമാനത്തിലധികം ഭൂമി ഇതിനോടകം സര്‍ക്കാര്‍ ഏറ്റെടുത്ത് സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്കി കെആ എഫ്ബിക്ക് കൈമാറിയിട്ടുണ്ട്. ഇനി നിര്‍മാണത്തിനുള്ള ഡിപിആർ തയാറാക്കി ടെണ്ടര്‍ നടപടിയിലേക്ക് കടക്കാം. ഡിപിആർ തയാറാക്കുമ്പോള്‍ ബൈപാസിന്റെ ഭാഗമായി വരുന്ന പാടം മണ്ണിട്ട് പൊക്കി ഇരുവശവും കോണ്‍ഗ്രീറ്റ് ചെയ്താല്‍ വര്‍ഷകാലങ്ങളില്‍ ഈ ഭാഗത്ത് വലിയ വെള്ളപ്പൊക്കത്തിന് കാരണമാകും.
ടൗണ്‍ വികസനത്തിനായി അലൈന്മെന്റും നിര്‍മാണ മേഖലയും പരിശോധിക്കാതെ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ മാത്രം ഇരുന്ന് ഡിപിആർ തയാറാക്കിയതിന്റെ ദോഷം ഇന്ന് മൂവാറ്റുപുഴ ടൗണിലെ ജനങ്ങളും വ്യാപാരികളും അനുഭവിക്കുകയാണെന്നും ആ ഗതികേട് ബൈപാസ് നിര്‍മാണത്തില്‍ ഉണ്ടാകരുതെന്നും ബാബു പോൾ പറഞ്ഞു.