പിടിവിട്ട് ‘ലഹരി': കൗണ്‍സിലിംഗ് തേടിയത് 786 പേര്
1481270
Saturday, November 23, 2024 4:31 AM IST
കൊച്ചി: ജില്ലയിലെ ലഹരി ഉപയോഗവും വില്പനയും വര്‍ധിക്കുന്നതിനിടെ എക്സൈസിന് കീഴിലെ വിമുക്തി ഡീഅഡിക്ഷന് കേന്ദ്രം വഴി കൗണ്‍സിലിംഗ് തേടിയത് 786 പേര്. 107 പേര് നേരിട്ടും 679 പേര് ഫോണ്‍ മുഖേനയുമാണ് കൗണ്‍സിലിംഗിന് വിധേയരായത്.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ജില്ലയില്‍ 1761 പേരാണ് കൗണ്‍സിലിംഗിന് വിധേയരായതെന്ന് എക്സൈസ് വകുപ്പ് സര്‍ക്കാരിന് നല്കിയ രേഖയിൽ പറയുന്നു. കൊച്ചി കേന്ദ്രമായി ജില്ലയില്‍ മയക്കുമരുന്ന് മാഫിയുടെ വേര് എത്രത്തോളം ഗുരുതരമെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ഒമ്പത് മാസത്തെ കണക്ക്.
സംസ്ഥാനത്താകെ 1261 പേരാണ് ഡീഅഡിക്ഷന് സെന്ററുകളില്‍ കിടത്തി ചികിത്സ തേടിയത്. ഡോക്ടറെ കണ്ട് ചികിത്സ തേടിയ 16,138 പേര് വേറെയും. ആകെ 17,399 പേരാണെത്തിയത്. എറണാകുളത്തിന് പുറമേ മറ്റ് 13 ജില്ലകളിലും എക്സൈസിന് ഡീഅഡിക്ഷന് സെന്ററുകളുണ്ട്. കൂടാതെ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ കൗണ്‍സിലിംഗ് സെന്ററുകളുമുണ്ട്. ഇവിടെ നേരിട്ടും ടെലിഫോണ്‍ മുഖേനെയും കൗണ്‍സിലിംഗ് നല്കുന്നു. ചികിത്സയ്ക്കായി എത്തുന്നവരില്‍ അധികവും ബന്ധുക്കളും സുഹൃത്തുക്കളും നിര്‍ബന്ധിച്ച് കൊണ്ടുവരുന്നവരാണ്. പൂര്‍ണ ലഹരിമുക്തി നേടിയാണ് ഇവര്‍ കേന്ദ്രങ്ങള്‍ വിടുന്നത്.
വിമുക്തി പദ്ധതിക്കായി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 66 കോടി രൂപയാണ്. ഇതില്‍ 34 കോടി രൂപയും ഡീ അഡിക്ഷന് സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വകയിരുത്തിയത്. ലഹരി ഉപയോഗവു വിപണനവും വര്‍ധിച്ചതോടെ ബോധവത്കരണ പരിപാടികള്‍ക്കും ലക്ഷങ്ങളാണ് എക്സൈസ് ചെലവഴിച്ചിട്ടുള്ളത്.