കൊച്ചിയെ ‘കൊച്ചാ'ക്കരുത്
1480718
Thursday, November 21, 2024 5:14 AM IST
കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. കായലും കടലോരവും ദ്വീപുകളും കപ്പല്ശാലയുമൊക്കെയുള്ള മനോഹരനഗരമായ കൊച്ചിയുടെ പ്രൗഡി നിലനിര്‍ത്താന്‍ ശക്തമായ ഇടപെടലുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. ഇതുപോലെ മറ്റൊന്ന് കാണില്ലെങ്കിലും അതിന്റെ സംരക്ഷണ കാര്യത്തില്‍ ഏറെ പിന്നിലാണ്. മഹാത്മാഗാന്ധിയുടെ പേരിലുള്ള പ്രധാന പാതയോടനുബന്ധിച്ച നടപ്പാതയുടെ സുരക്ഷപോലും ഉറപ്പുവരുത്താനായിട്ടില്ല. കച്ചേരിപ്പടിയില്‍ ഫുട്പാത്തില്ലാത്ത ഭാഗമുണ്ട്. ബസ് കാത്തുനില്ക്കുന്ന വിദ്യാര്‍ഥികളുടെ സുരക്ഷയുടെ കാര്യത്തില്‍ കോടതിക്ക് ആശങ്കയുണ്ട്. നോര്‍ത്തിലെ ഒരു ഭാഗത്ത് നടപ്പാത റോഡ് നിരപ്പിനേക്കാള്‍ താഴെയായതിനാല്‍, മഴ വന്നാല്‍ നടക്കാനാകില്ലെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി.
മനോഹരമായ എംജി റോഡിന്റെ പ്രതാപം നഷ്ടപ്പെടാന്‍ പ്രധാന കാരണം നടപ്പാതകളുടെ ദുരവസ്ഥയാണെന്ന് കോടതി വിലയിരുത്തി. അറ്റകുറ്റപ്പണിക്ക് പണമില്ലെന്നാണ് സര്‍ക്കാര്‍ വാദം. കാല്‍നടയും വാഹന ഗതാഗവും സുഗമമാക്കിയാല് ഒഴിഞ്ഞുപോയ വ്യാപാര സ്ഥാപനങ്ങളും എംജി റോഡിന്റെ പ്രൗഡിയും വരുമാന സ്രോതസും മടങ്ങി വരും.
അറ്റകുറ്റപ്പണിക്കായി കുഴിച്ചിടത്ത് വേണ്ടവിധം വേലി കെട്ടാത്തത് മൂലമാണ് ഫോര്‍ട്ടുകൊച്ചിയില്‍ ആയുര്‍വേദ ചികിത്സയ്ക്കെത്തിയ ഫ്രഞ്ച് പൗരന് കാനയില്‍ വീണ് പരിക്കേറ്റതെന്ന് സ്മാര്‍ട് സിറ്റി മിഷന് അറിയിച്ചു. സന്ദര്ശകരെത്തുന്നിടത്ത് റോഡ്സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി.
റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിജസ്ഥിതി കളക്ടര്‍ മനസിലാക്കണമെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാ ഏജന്‍സികളെയും ഏകോപിപ്പിക്കുകയും പ്രതിബന്ധങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണം. നടപ്പാതകളുടെ സുരക്ഷയും വഴിവിളക്കുകളും അറ്റകുറ്റപ്പണിയും ഉറപ്പാക്കാനുള്ള മുന്‍ ഉത്തരവുകള്‍ പാലിക്കാത്തതില്‍ കോടതി അതൃപ്തിയറിയിച്ചു.