ആരോരുമില്ലാത്ത ക്ഷയരോഗികള്‍ ഇനി അഗതി മന്ദിരങ്ങളില്‍
1481685
Sunday, November 24, 2024 6:33 AM IST
കൊച്ചി: ക്ഷയരോഗം ഭേദമായ ശേഷം ആശുപത്രിയില്‍ നിന്നു വിട്ടയയ്ക്കുന്ന ബന്ധുക്കളില്ലാത്ത രോഗികളെ അഗതി മന്ദിരങ്ങളില്‍ സംരക്ഷിക്കുന്നതിനു നടപടി ഒരുങ്ങുന്നു. ഇതുസംബബന്ധിച്ച് സാമൂഹ്യനീതി വകുപ്പിനു നിര്‍ദേശം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു. ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ക്ഷയരോഗ നിർമാര്‍ജന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന യോഗത്തിലാണ് തീരുമാനം.
രോഗം ഭേദമായതായുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് സഹിതമായിരിക്കും ഇവരെ അഗതി മന്ദിരങ്ങളില്‍ പ്രവേശിപ്പിക്കുക. കൂട്ടിരിപ്പുകാരില്ലാതെ ക്ഷയരോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്നവരെ രോഗം ഭേദമായാലും ആശുപത്രിയില്‍ നിന്നു വിട്ടയയ്ക്കാന് കഴിയുന്നില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണു ജില്ലാ കളക്ടറുടെ ഇടപെടല്‍.
അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. പഞ്ചായത്തുകളുടെ പദ്ധതി ഭേദഗതിയില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ക്കുള്ള വിഹിതം കൂടി ഉള്‍പ്പെടുത്തണം. ജില്ലാ ക്ഷയരോഗ ചികിത്സാ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനു പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. ക്ഷയരോഗ ബോധവത്കരണ ഹ്രസ്വചിത്രങ്ങളുടെ പ്രകാശനം ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു.
ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ടുബാക്കോ ഫ്രീ കാമ്പയിന് പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന ലക്ഷ്യം കൈവരിക്കാനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സമീപം പരിശോധന കര്‍ശനമാക്കും. ആറാഴ്ചയ്ക്കുള്ളില്‍ ജില്ലയിലെ 160 വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുകയില മുക്തമാക്കി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ടുബാക്കോ ഫ്രീ വാര്‍ഡുകള്‍ കാമ്പയിന് പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. അതിഥിതൊഴിലാളികളുടെ ഇടയിലും പ്രവര്‍ത്തനം വ്യാപിപ്പിക്കും. വിദ്യാഭ്യാസ വകുപ്പിന്റെയും ലേബര്‍ വകുപ്പിന്റെയും സഹകരണം ഉറപ്പാക്കും. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ. സവിത തുടങ്ങിയവരും പങ്കെടുത്തു.