കിഫ്ബി ബോര്‍ഡിന്റെ അംഗീകാരം; ഓണ്‍ ആയി "പത്മസരോവരം'
1481679
Sunday, November 24, 2024 6:33 AM IST
കൊച്ചി: തീരദേശ പരിപാലന നിയമത്തിന്റെ സാങ്കേതിക തടസങ്ങളില്‍ തട്ടി മുടങ്ങിപ്പോയ പത്മസരോവരം പദ്ധതി വീണ്ടും സജീവമാകുന്നു. പദ്ധതിക്ക് കിഫ്ബി ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെയാണ് സുഭാഷ് ചന്ദ്രബോസ് റോഡില്‍ ചെട്ടിച്ചിറ പാലം മുതല്‍ എസ്എ റോഡില്‍ ഇളംകുളം മെട്രോ സ്റ്റേഷന് വരെ വിഭാവനം ചെയ്ത പദ്ധതി വീണ്ടും സജീവമായത്. കിഫ്ബിയുടെ നഗരസൗന്ദര്യ സ്കീമില്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. സിആര്‍ഇസഡ് നിയമവുമായി ബന്ധപ്പെട്ട തടസങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കപ്പെടുമെന്നും മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു.
സൗമിനി ജെയിന് മേയറായിരുന്ന കൗണ്‍സിലിലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. ചിലവന്നൂര്‍ കായലിന് കുറുകെ ബണ്ട് കെട്ടിയായിരുന്നു നിര്‍മാണം. സിആര്‍ഇസഡ് നിയമം ലംഘിച്ചു എന്ന കാരണത്താല്‍ ഹൈക്കോടതി നിര്‍മാണം തടഞ്ഞു. അതോടെ പദ്ധതി മുടങ്ങി. തുടര്‍ന്ന് പദ്ധതിക്കായി നിര്‍മിച്ച ബണ്ട് പൊളിച്ചുമാറ്റുകയും ചെയ്തു.
അങ്ങനെ പദ്ധതി ഏറെക്കുറെ ഒഴിവായ ഘട്ടത്തിലാണ് ഈ കൗണ്‍സില്‍ ചില മാറ്റങ്ങളോടെ പദ്ധതി നടപ്പാക്കാന്‍ നയപരമായ തീരുമാനമെടുത്തത്. സര്ക്കാരിൻരെ സാമ്പത്തിക സഹായത്തോടെ പദ്ധതി നടപ്പാക്കണമെന്ന ആവശ്യവുമായി കോര്പറേഷന് സര്‍ക്കാരിനെ സമീപിച്ചു.
സിആര്‍ഇസഡ് നിയമ തടസങ്ങളില്ലാതെ കായലിനോട് ചേര്‍ന്ന് പദ്ധതി നടപ്പാക്കാമെന്ന പ്രപ്പോസലും കോര്പറേഷന് മുന്നോട്ട് വച്ചു. തുടര്‍ന്ന് കായലിനോട് ചേര്‍ന്ന് പുറമ്പോക്ക് ഭൂമി കണ്ടെത്തി. പുറമ്പോക്ക് ഇല്ലാത്ത സ്ഥലങ്ങളില്‍ സൗജന്യമായി സ്ഥലം വിട്ടു നല്കാന് ഉടമകള്‍ സന്നദ്ധമാണെന്നും കോര്പറേഷന് സര്‍ക്കാരിനെ അറിയിച്ചു. തുടര്‍ന്നാണ് പദ്ധതിക്ക് കിഫ്ബി ആനുമതി നല്‍കിയത്. ഉടന്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ച് പദ്ധതി തുടങ്ങാനാണ് ലക്ഷ്യം.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ടാങ്ക് ബണ്ട് റോഡ് മുതല്‍ ഡിഎല്‍എഫ് ഫ്ളാറ്റ് വരെയുള്ള കായലിന്റെ തീരം സൗന്ദര്യവത്കരിക്കും. ഇതിനായി 12 കോടി രൂപയാണ് ചെലവാണ് പ്രതീക്ഷിക്കുന്നത്. രണ്ടാംഘട്ടത്തില്‍ ബിലായ് മേനോന് ആസൂത്രണം ചെയ്ത സരോവരം പദ്ധതിയുടെ ഭാഗമായി എളംകുളം മെട്രോ സ്റ്റേഷന് മുതല്‍ സുഭാഷ് ചന്ദ്രബോസ് റോഡിലെ ചെട്ടിച്ചിറ പാലം വരെ പുഴയുടെ ഒരു വശത്ത് സരോവരം പദ്ധതി നടപ്പാക്കും.
കോല്‍ക്കത്തയിലെ പത്മസരോവരം പദ്ധതിയുടെ മാതൃകയിലാണ് നിര്‍മാണം നടത്തുക. രണ്ടാം ഘട്ടത്തില്‍ 15 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആകെ 27 കോടി രൂപയോളം പദ്ധതി ചെലവ് വരും. സുഭാഷ് ചന്ദ്രബോസ് റോഡ് മുതല്‍ ബണ്ട് റോഡ് വരെ ഡ്രഡ്ജ് ചെയ്യാന്‍ കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി 8.41 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കോണ്‍ക്രീറ്റ് നിര്‍മിതികളോ വലിയ കെട്ടിടങ്ങളോ വാക്വേയില്‍ ഉണ്ടാകില്ല. കായലിന് സൈഡിലൂടെ സൈക്കിള്‍ ട്രാക്ക്, വാക് വേ, തദ്ദേശീയമായ വൃക്ഷങ്ങള്‍ കൊണ്ടുള്ള ഉദ്യാനങ്ങള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുക.