52 ലക്ഷം തട്ടിയെടുത്ത രണ്ട് പേര് അറസ്റ്റില്‍
1481273
Saturday, November 23, 2024 4:31 AM IST
കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് കണ്ണൂര്‍ സ്വദേശിയുടെ 52 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ട് പേര് അറസ്റ്റില്‍. തമിഴ്നാട് ട്രിച്ചി സ്വദേശികളായ റിയാസ് അഹമ്മദ്, മുഹമ്മദ് ഉസ്മാന് എന്നിവരെയാണ് കടവന്ത്ര പോലീസ് സംഘം ട്രിച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതികളായ കരണ്‍ സോണാര്‍, ജില് എന്നിവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി കടവന്ത്ര സിഐ പി.എം. രതീഷ് പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബര്‍ 28നായിരുന്നു കടവന്ത്രയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവ് പോലീസില്‍ പരാതി നല്‍കിയത്. ഫേസ്ബുക്ക് വഴി ലഭിച്ച ലിങ്കിലൂടെ ഡി 5 അവീവ ഇന്‍വെസ്റ്റ്മെന്റ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിൻ ചെയ്ത ഇയാൾ പ്രതികളായ കരണ്‍ സോണാര്‍, ജില് എന്നിവരുടെ നിർദേശപ്രകാരം പല തവണകളായി 52,22,000 രൂപ അക്കൗണ്ടിലേക്ക് അയച്ചുനൽകി. എന്നാൽ നിക്ഷേപത്തിന് ലാഭം ലഭിക്കാതെ വന്നതോടെ ചതി മനസിലാക്കിയ യുവാവ് പരാതി നല്‍കുകയായിരുന്നു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.