റവന്യൂ ജില്ലാ കലോത്സവം; ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
1481267
Saturday, November 23, 2024 4:31 AM IST
പെരുമ്പാവൂർ : 35-ാമത് റവന്യൂ ജില്ലാ കലോത്സവത്തിന്റെ പ്രചരാണാർഥം പ്രചരണ കമ്മിറ്റി സംഘടിപ്പിച്ച ഫ്ലാഷ് മോബ് സമകാലിക ലോകത്തെ നേർകാഴ്ചയായി. ലഹരിയും വിവിധ മയക്കുമരുന്നുകളുംയുവ തലമറയയെ കീഴടക്കുമ്പോൾ അതിനെതിരേ ശക്തമായചെറുത്തുനിൽപ്പിന്റെ സന്ദേശമാണ് ഫ്ലാഷ് മോബിലൂടെ ആതിഥേയ വിദ്യാലയമായ കുറുപ്പംപടി എംജിഎം സ്കൂളിലെ വിദ്യാർഥികൾ ആവിഷ്കരിച്ചത്.
110 വിദ്യാർഥികളാണ് ഫ്ലാഷ് മോബിൽ പങ്കെടുത്തത്. തിങ്ങിനിറഞ്ഞ കാണികൾക്ക് മുമ്പിലാണ് വിദ്യാർഥികൾ കുറുപ്പംപടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് അവതരിപ്പച്ചത്. പ്രദേശത്തെ വ്യാപാരി വ്യവസായികളും വിവിധ സന്നദ്ധ സംഘടന പ്രതിനിധികളുടേയും പൂർണമായ പിന്തുണയുണ്ടായിരുന്നു. ഇതിനോടനുബന്ധിച്ച് നടന്ന വിളംബര ജാഥ വിദ്യാർഥികൾ വിവിധ വർണത്തിലുള്ള മുത്തുക്കുടങ്ങൾ കൊണ്ടും പല നിറത്തിലുള്ള ബലൂണുകൾ കൊണ്ടും നിറമുള്ളതാക്കി. വിളംബരജാഥ നഗരം ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിച്ചു. അഡ്വ. എൽദോസ് കുന്നപ്പിളളി എംഎൽഎ നിറക്കുട നൽകി വിളംബര ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തടൻ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാരായ എ.ടി. അജിത് കുമാർ, എൻ.പി. അജയകുമാർ, പി.പി. അവറാച്ചൻ അംഗങ്ങളായ ഷൈമി വർഗീസ്, ശാരദ മോഹനൻ, ഡിഡിഇ ഹണി ജി. അലക്സാണ്ടർ, പിടിഎ പ്രസിഡന്റ് എ.വൈ. സാജു തുടങ്ങിയവർ നേതൃത്വം നൽകി.