ബീഹാർ സ്വദേശിയായ കുസാറ്റ് വിദ്യാർഥി കടലിൽ മുങ്ങിമരിച്ചു
1480955
Thursday, November 21, 2024 11:19 PM IST
ചെറായി: ബീഹാർ സ്വദേശികളായ വിദ്യാർഥികളിൽ ഒരാൾ ചെറായി ബീച്ചിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. മറ്റൊരാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
കുസാറ്റ് കാന്പസിലെ ബിടെക് വിദ്യാർഥി ബിഹാർ ബസ്വരിയ സ്വദേശി ഖാലിദ് മഹ്മൂൻ ഹാഷി (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർഥി ആദിത്യ രണ്ജനെ (19) മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. കുഴുപ്പിള്ളി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാൾ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
ഇന്നലെ വൈകുന്നേരം നാലരയോടെ പ്രധാന ബീച്ചിനു വടക്ക് മാറി ലൈഫ് ഗാർഡുകളുടെ കണ്ണെത്താത്ത സ്ഥലത്താണ് അപകടമുണ്ടായത്. ബീച്ചിലെത്തിയ എട്ടംഗ വിദ്യാർഥി സംഘത്തിൽ രണ്ടു പേരാണ് കുളിക്കാനിറങ്ങിയത്. കുളിച്ച കൊണ്ടിരിക്കെ ഇരുവരും തിരയിൽപ്പെട്ട് മുങ്ങുകയായിരുന്നു. കരയിലുണ്ടായിരുന്നവർ ഒച്ചവച്ചതിനെ തുടർന്ന് നാട്ടുകാരായ മത്സ്യതൊഴിലാളികൾ എത്തിയാണ് ഒരാളെ രക്ഷപ്പെടുത്തിയത്.
ഖാലിദ് മഹ്മൂൻ ഹാഷി അപ്പോഴേക്കും പൂർണമായും മുങ്ങിപ്പോയിരുന്നു. തുടർന്ന് നാട്ടുകാരും, പോലീസ്, ഫയർഫോഴ്സ്, ലൈഫ് ഗാർഡ്, കോസ്റ്റൽ പോലീസ് എന്നിവരും ചേർന്ന് നടത്തിയ തെരച്ചിലിൽ രാത്രി എട്ടോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പറവൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി.