20 ലക്ഷം തട്ടിയ അക്കൗണ്ടന്റ് റിമാൻഡില്‍
1480437
Wednesday, November 20, 2024 4:06 AM IST
കൊച്ചി: സൂപ്പര്‍ മാര്‍ക്കറ്റിന്റെ സോഫ്റ്റ്വേറില് തിരിമറി നടത്തി 20 ലക്ഷം തട്ടിയ അക്കൗണ്ടന്റ് അറസ്റ്റില്‍. എറണാകുളത്തുള്ള ക്വിക്ക് കണ്‍വീനിയന്‍സ് സ്റ്റോര്‍ എന്ന സ്ഥാപനത്തിന്റെ അബാദ് മറൈന്‍ പ്ലാസ സൂപ്പര്‍ മാര്‍ക്കറ്റിലെ അക്കൗണ്ടന്റായിരുന്ന കടവന്ത്രലൈന് 14ല്‍ വിനായക് നിവാസില്‍ നാഗരാജി(26)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഈ സ്ഥാപനത്തിലെ കാഷ് സെയില്‍സ് സോഫ്റ്റ്വേറില് എഡിറ്റിംഗ് നടത്തി ക്രെഡിറ്റ് സെയിലാക്കി മാറ്റി ഇയാള്‍ പണം കൈവശപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇത്തരത്തില്‍ 20 ലക്ഷം രൂപയാണ് ഇയാള്‍ കൈക്കലാക്കിയത്. സംഭവത്തിനു ശേഷം മുങ്ങിയ പ്രതിയെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ ഇയാള്‍ ചിലവന്നൂര്‍ ഭാഗത്തുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തി.