ഉടമ അറിയാതെ ഭൂമി മറിച്ചുവിറ്റുവെന്ന കേസ്; പ്രതിപക്ഷ നേതാവിന്റെ രാജിക്കായി കൗൺസിലിൽ ഭരണപക്ഷ ബഹളം
1480729
Thursday, November 21, 2024 5:14 AM IST
കൊച്ചി: വ്യാജരേഖ ചമച്ച് മറ്റൊരാളുടെ ഭൂമി, ഉടമ അറിയാതെ മറിച്ചു വിറ്റുവെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കൊച്ചി കോര്പറേഷന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ രാജിവയ്ക്കണമെന്ന ആവശ്യവുമായി കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ പ്രതിഷേധം. ആന്റണി കുരീത്തറയുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമാണ് ഭരണപക്ഷാംഗങ്ങള്‍ കൗണ്‍സില്‍ ഹാളിലെത്തിയത്. യോഗത്തില്‍ സംസാരിച്ച ഭരണപക്ഷാംഗങ്ങളെല്ലാവരും പ്രതിപക്ഷ നേതാവിന്റെ രാജി ആവശ്യപ്പെട്ടപ്പോള്‍ ആരോപണം നേരിട്ടിട്ടും മുഖ്യമന്ത്രി രാജിവച്ചില്ലല്ലോ എന്ന വാദം ഉയര്‍ത്തിയാണ് പ്രതിപക്ഷം നേരിട്ടത്.
മട്ടാഞ്ചേരി താലൂക്കില്‍ ജോസഫ് സ്റ്റാന്‍ലി എന്ന വ്യക്തിയുടെ പേരിലുള്ള 54 സെന്റ് ഭൂമിയാണ് പി.കെ. കുഞ്ഞുമുഹമ്മദ് എന്ന വ്യക്തിക്ക് വില്‍ക്കുകയും പിന്നീട് ബംഗളൂരുള്ള സ്ഥാപനത്തിന് മറിച്ചു വില്‍ക്കുകയും ചെയ്തത്. 2006 ല്‍ നടന്ന ഇടപാടില്‍ അഭിഭാഷകനായിരുന്ന ആന്റണി കുരീത്തറ സാക്ഷിയായിരുന്നു. ജോസഫ് സ്റ്റാന്‍ലിയുടെ മാനേജര്‍ ആയിരുന്ന വി.എച്ച്. ബാബു എന്ന വ്യക്തി മുഖാന്തിരമാണ് വില്‍പ്പന നടത്തിയത്. ഇദ്ദേഹം ആന്റണിയുടെ അടുത്ത സുഹൃത്തായിരുന്നുവെന്ന് ഭരണപക്ഷാംഗമായി ബെന്നി ഫെര്‍ണാണ്ടസ് ആരോപിച്ചു.
സംഭവത്തില്‍ സ്ഥലം ഉടമയായ ജോസഫ് സ്റ്റാന്‍ലി മട്ടാഞ്ചേരി പോലീസില്‍ പരാതി നല്കി. വില്‍പ്പത്രം തയാറാക്കുന്നതിന്റെ ഭാഗമായി തന്റെ ഭൂസ്വത്തുക്കളുടെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് 1994 മുതല്‍ കൈവശം വച്ചുകൊണ്ടിരുന്ന ഭൂമി വില്‍പ്പന നടന്നിട്ടുള്ളതായി കണ്ടെത്തിയതെന്ന് ജോസഫ് സ്റ്റാന്‍ലി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ആന്റണി കുരീത്തറയെ നാലാം പ്രതിയാക്കി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതു സംബന്ധിച്ച് ജോസഫ് സ്റ്റാന്‍ലി നല്കിയ പരാതി മേയര്‍ കൗണ്‍സില്‍ യോഗത്തില്‍ വായിച്ചു.
അഭിഭാഷകനെന്ന നിലയില്‍ ഭൂമി വില്‍പ്പന കരാറില്‍ കുരീത്തറ സാക്ഷിയാകുക മാത്രമായിരുന്നുവെന്നും വിൽപ്പന തുക ഉടമയുടെ അക്കൗണ്ടിലേക്ക് അന്ന് തന്നെ എത്തിയതായും പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു. ആരോപണത്തിന്റെ പേരില്‍ രാജിവയ്ക്കുന്ന രാഷ്ട്രീയ ധാര്‍മികത സമകാലിക രാഷ്ട്രീയത്തില്‍ ഇല്ല. പരാതിയില്‍ അന്വേഷണം നടക്കുകയാണ്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ആരുടെയും സമ്മര്‍ദമില്ലാതെ തന്നെ പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.
രാഷ്ട്രീയ പകപോക്കലിന്റെ പേരിലാണ്, സാക്ഷിയായ തന്നെ പ്രതി ചേര്‍ത്തിരിക്കുന്നതെന്ന് ആന്റണി കുരീത്തറ പറഞ്ഞു. 2006 ല്‍ നടന്ന സംഭവമായിട്ടും ഈ വര്‍ഷം ഒക്ടോബറിലാണ് പോലീസില്‍ പരാതി നല്‍കിയത്. രേഖകള്‍ പോലും പരിശോധിക്കാതെയാണ് പോലീസ് തന്നെ പ്രതിസ്ഥാനത്ത് ചേര്‍ത്തത്. ഇതിനു പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായിട്ടുണ്ടെന്നും കുരിത്തറ പറഞ്ഞു.