കാലടി-മലയാറ്റൂര്‍ റോഡ് നിര്‍മാണം: ടാറിംഗ് ഉടന്‍ ആരംഭിക്കും
1480730
Thursday, November 21, 2024 5:14 AM IST
കാലടി: നിർമാണം പുരോഗമിക്കുന്ന കാലടി-മലയാറ്റൂര്‍ റോഡിന്റെ ഒന്നാംഘട്ട ടാറിംഗ് അടുത്ത ആഴ്ച ആരംഭിക്കുമെന്ന് റോജി എം. ജോണ്‍ എംഎൽഎ അറിയിച്ചു. പ്രധാന ഭാഗങ്ങളിലെ കല്‍വര്‍ട്ടുകളുടേയും കാനയുടേയും പണി പൂര്‍ത്തീകരിച്ച് വരികയാണ്. ജലജീവന്‍ മിഷന് പദ്ധതിയില്‍ പൈപ്പുകള്‍ സ്ഥാപിച്ച ഭാഗങ്ങള്‍ ബലപ്പെടുത്തുന്ന പ്രവൃത്തിയും അവസാന ഘട്ടത്തിലാണ്. ഒന്നാംഘട്ട ടാറിംഗ് ജോലി എത്രയും വേഗം ആരംഭിച്ച് ക്രിസ്മസ് അവധിക്ക് മുമ്പായി തീര്‍ക്കാനാണ് പരിശ്രമം. രണ്ടാംഘട്ട ടാറിംഗും മറ്റ് അനുബന്ധ പ്രവര്‍ത്തികളും ജനുവരി മാസത്തില്‍ തന്നെ പൂര്‍ത്തീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു.
ബെന്നി ബെഹനാന് എംപിയും റോജി എം. ജോണ്‍ എംഎല്‍എയും മുന്‍കൈയെടുത്താണ് സെന്‍ട്രല്‍ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാലടി-മലയാറ്റൂര്‍ റോഡിന് 22.75 കോടി രൂപ അനുവദിച്ചത്.
പുറമ്പോക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പരാതികള്‍ മൂലം റോഡിന്റെ നിര്‍മാണത്തില്‍ ചെറിയ കാലതാമസം ഉണ്ടായി. കോടതി നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പുറമ്പോക്ക് ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തീകരിക്കും.
ഇല്ലിത്തോട് മുതല്‍ മുളംങ്കുഴി വരെയും, കൈപ്പട്ടൂര്‍ മുതല്‍ മേക്കാലടി വരെയും ഉള്ള റോഡിന്റെ ടാറിംഗ് ജോലികള്‍ നേതരത്തെ തന്നെ നടത്തിയിരുന്നു. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പ്രധാനപ്പെട്ട ജംഗ്ഷനുകളും നവീകരിക്കുമെന്ന് റോജി എം. ജോണ്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.