ആലുവ പന്പ് കവലയിലെ കിണറുകളിൽ വീണ്ടും പെട്രോൾ സാന്നിധ്യം; പരാതി നൽകിയിട്ടും ഫലമില്ല
1481680
Sunday, November 24, 2024 6:33 AM IST
ആലുവ: കുടുംബ കോടതി പ്രവർത്തിക്കുന്ന കെട്ടിടത്തിലടക്കം ഏഴോളം കിണറുകളിൽ പെട്രോൾ സാന്നിധ്യമെന്ന് കണ്ടെത്തിയിട്ടും ആലുവ നഗരസഭയോ ബന്ധപ്പെട്ട വകുപ്പുകളോ നടപടിയെടുക്കുന്നില്ലെന്ന് പരാതി.
എന്നാൽ ആലുവ പമ്പ് കവലയിലെ രണ്ട് പെട്രോൾ പമ്പുകൾക്ക് ഒരു മാസത്തിനകം മറുപടി നൽകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ആലുവ നഗരസഭ അറിയിച്ചു.
ആലുവ നഗരസഭാ ഓഫീസിന് സമീപം പമ്പ് കവലയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോൾ മണ്ണിനടിയിലൂടെ ചോർന്ന് കിണറുകളിലെ വെള്ളത്തിൽ കലരുന്നതായി കഴിഞ്ഞ ഏഴ് വർഷമായി വീട്ടുകാരുടെ പരാതിയാണ്. കുറച്ചു മാസങ്ങളായി ചോർച്ച വർധിച്ച് ഓയിലിന്റെ സാന്നിധ്യം കൂടിയിരിക്കുകയാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ കുടുംബകോടതി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ കിണറിൽ പെട്രോൾ സാന്നിധ്യം കണ്ടെത്തിയിരുന്നു. വെള്ളത്തിന് മുകളിൽ ഓയിൽ മായവും ഗന്ധവും അനുഭവപ്പെടുന്നതായാണ് പരാതി ഉയർന്നത്. കോടതി ജീവനക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് കെട്ടിട ഉടമ നഗരസഭ ആരോഗ്യ വിഭാഗത്തിന് പരാതി നൽകിയിരുന്നു.
ഈ കിണർ കൂടാതെ സമീപത്തെ ഏഴ് വീട്ടുകാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ജല അഥോറിറ്റിയുടെ ലാബിൽ വീട്ടുടമകൾ നടത്തിയ പരിശോധനയിലും പെട്രോൾ തന്നെയാണ് കിണറുകളിൽ എത്തുന്നതെന്ന് തെളിഞ്ഞിരുന്നു. എന്നാൽ ചോർച്ച തടയാനുള്ള യാതൊരു നടപടികളും സർക്കാർ വകുപ്പുകൾ എടുക്കുന്നില്ലെന്നാണ് വീട്ടുടമകളുടെ പരാതി.