അനുമതിയില്ലാതെ കടലിൽ സിനിമാ ഷൂട്ടിംഗ് : രണ്ടു മത്സ്യബന്ധന ബോട്ടുകൾ കസ്റ്റഡിയിൽ
1480731
Thursday, November 21, 2024 5:14 AM IST
വൈപ്പിൻ: അനുമതിയില്ലാതെ കടലിൽ സിനിമാചിത്രീകരണം നടത്തിയ രണ്ട് മത്സ്യബന്ധന ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു. നിയമലംഘനം നടത്തിയതിന് ഷൂട്ടിംഗ് സംഘത്തിൽനിന്ന് അഞ്ചു ലക്ഷം രൂപ പിഴയീടാക്കി.
ഭാരതരത്ന, ഭാരത് സാഗർ എന്നീ രണ്ട് ബോട്ടുകളാണ് ഇന്നലെ ഉച്ചയ്ക്ക് ചെല്ലാനം ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. രണ്ടു ബോട്ടുകളും മറ്റാവശ്യങ്ങൾക്ക് കടലിൽ സഞ്ചരിക്കാനുള്ള സ്പെഷൽ പെർമിറ്റ് വാങ്ങിയിരുന്നില്ല.
മാത്രമല്ല, കടലിൽ സിനിമ ചിത്രീകരണം നടത്തുന്നതിന് മുൻകൂർ അനുമതിയുമില്ലായിരുന്നു. രണ്ട് ബോട്ടുകളിലുമായി 33 സിനിമാ പ്രവർത്തകരാണ് ഉണ്ടായിരുന്നത്. ഇവരാകട്ടെ യാതൊരു വിധ സുരക്ഷാ ഉപകരണങ്ങളും ധരിക്കാതെയാണ് കടലിൽ സഞ്ചരിച്ചതെന്നും ഫിഷറീസ് അധികൃതർ വ്യക്തമാക്കി.
നേവിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സീ വിജില് തീരസുരക്ഷാ മോക്ക് ഡ്രില്ലിന്റെ ഭാഗമായി കടലിൽ പട്രോൾ നടത്തവെ, കോസ്റ്റൽ പോലീസാണ് ഷൂട്ടിംഗ് സംഘത്തെ കണ്ടെത്തിയത്. വിവരം വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി. അനീഷിന്റെ നേതൃത്വത്തിലെത്തിയ മറൈൻ എൻഫോഴ്സ് സംഘം ബോട്ടുകൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർനടപടികൾക്കായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. ബെൻസന് റിപ്പോർട്ട് കൈമാറി.
ഇദ്ദേഹത്തിന്റെ ഉത്തരവ് പ്രകാരമാണ് അഞ്ചു ലക്ഷം രൂപ പിഴയായി ഈടാക്കിയത്. പരിശോധനാസംഘത്തിൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പി.പി. സിന്ധു, സബ് ഇൻസ്പെക്ടർ സംഗീത് ജോബ്, പി.ജെ. ഷിജു, പിങ്ക്സൺ, സീ റസ്ക്യൂ ഗാർഡുമാരായ മഹേന്ദ്രൻ, ജിപ്സൺ , ബാലു, ജസ്റ്റിൻ എന്നിവരുമുണ്ടായിരുന്നു.
അനുമതി വേണം
വൈപ്പിൻ: മത്സ്യബന്ധന യാനങ്ങൾ മറ്റുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ഫിഷറീസ് വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടതാണെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി. അനീഷ് മുന്നറിയിപ്പ് നൽകി. യാനത്തിന്റെ പ്രവർത്തന ക്ഷമത, ജീവൻസുരക്ഷാ ഉപകരണങ്ങളുടെ സ്ഥിതി, യാത്ര ചെയ്യാവുന്ന ആളുകളുടെ എണ്ണം, നിയമപരമായ മറ്റു രേഖകൾ എന്നിവ പരിശോധിച്ച് തൃപ്തികരമെങ്കിൽ മാത്രമേ അനുമതി നൽകൂവെന്നും അസിസ്റ്റന്റ് ഡയറക്ടർ വ്യക്തമാക്കി.