45 ബസുകൾക്ക് 1,43,000 പിഴ
1480715
Thursday, November 21, 2024 5:14 AM IST
കാക്കനാട് : ഇൻഷ്വറൻസ്, ടാക്സ്, ലൈസൻസ് എന്നിവയില്ലാതെ സർവീസ് നടത്തിയ 45 സ്വകാര്യ ബസുകൾ ഇന്നലെ മോട്ടോർ വാഹന വകുപ്പ്എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പിടിയിലായി. പിഴയിനത്തിൽ 1,43,000 രൂപ ഈടാക്കി.
പിടികൂടിയതിൽ15 സ്വകാര്യ ബസുകൾ ഇൻഷ്വറൻസില്ലാതെയാണ് സർവീസ് നടത്തിയിരുന്നത്. 10 ബസുകൾ ടാക്സ് അടക്കാതെയും സർവീസ് തുടരുകയായിരുന്നു ബാഡ്ജും ലൈസൻസുമില്ലാതെ കണ്ടക്ടർ ജോലിചെയ്തുവന്ന എട്ടുപേരെയും വിവിധ ബസുകളിൽനിന്നു് പിടികൂടിയതായി എൻഫോഴ്സ്മെന്റ് വിഭാഗം ആർടിഒ കെ. മനോജ് അറിയിച്ചു. കൊച്ചി, കാക്കനാട്, തൃപ്പൂണിത്തുറ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും ബസുകൾ പിടിയിലായത്. ബസുകളിലെ സൈഡ് വിൻഡോകൾ മറക്കാത്തതിനും മേൽത്തട്ട് തുരുമ്പിക്കൽ,ഫസ്റ്റ് എയ്ഡ് ബോക്സ്, വൈപ്പർ തുടങ്ങി ചവിട്ടുപടിയുടെ ബലക്കുറവടക്കം ക്രമക്കേടുകൾ കണ്ടെത്തിയ ബസുകൾ നിരത്തിലിറക്കും മുന്പ് അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് അധികൃതരുടെ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് വാങ്ങണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഇൻഷ്വറൻസില്ലാ ബസുകൾ പന്താടുന്നത്
യാത്രക്കാരുടെ ജീവനും ജീവിതവും
യാത്രക്കാരെ കുത്തിനിറച്ച് നഗരത്തിരക്കിലൂടെ തലങ്ങും വിലങ്ങും അമിത വേഗത്തിൽ പായുന്ന സ്വകാര്യ ബസുകളിൽ നല്ലൊരു ശതമാനവും പന്താടുന്നത് പാവം യാത്രികരുടെ ജീവനും ജീവിതവും. ഇന്നലെ പിടികൂടിയ 45 സ്വകാര്യ ബസുകളിൽ 15 എണ്ണവും ഇൻഷ്വറൻസില്ലാതെ സർവീസ് നടത്തിയത് ഗുരുതരമായ വീഴ്ചയായി ചൂണ്ടികാണിക്കപ്പെടുന്നു.
ഇൻഷ്വറൻസില്ലാത്ത വാഹനങ്ങൾ അപകടത്തിൽപ്പെട്ട് മരണമോ, പരിക്കോ ഉണ്ടായാൽ ഇരകളാവുന്ന യാത്രക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കില്ല. ഇൻഷ്വറൻസ് കമ്പനികൾ ഇത്തരം കേസുകളിൽ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരുമല്ല. ഇൻഷ്വറൻസ് അടക്കാതെ യാത്രക്കാരുടെ ജീവനു ഭീഷണി ഉയർത്തി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ കണ്ടെത്താൻ വരും ദിവസങ്ങളിലും പരിശോധനകൾ കർക്കശമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനമെന്ന് അധികൃതർ പറയുന്നു.