പെരുമ്പാവൂരിൽ ആസാം സ്വദേശികളായ മോഷ്ടാക്കളെ പിടികൂടി
1481272
Saturday, November 23, 2024 4:31 AM IST
പെരുമ്പാവൂർ: ആസാം സ്വദേശികളായ മോഷ്ടാക്കൾ പെരുമ്പാവൂരിൽ പിടിയിലായി. നൗഗാവ് സിങ്കമാരി സ്വദേശി അഫ്സാലുർ റഹ്മാൻ(24), നൗഗാവ് ഡിംഗ് സ്വദേശി ആഷിക്കുൾ ഇസ്ലാം (23) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ 16ന് പുലർച്ചെ പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ ഇവർ രണ്ട് പേരും ചേർന്ന് മോഷണം നടത്തിയിരുന്നു. 18ന് ഉച്ചയ്ക്ക് അഫ്സാലുർ റഹ്മാൻ കടുവാൾ തങ്കമാളികയ്ക്ക് സമീപമുള്ള വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്തുകയറി മോഷ്ടിക്കുന്നതിനിടയിൽ വീട്ടമ്മയെ കണ്ട് ഓടി രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് പ്രത്യേക സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ആസാം സ്വദേശികളെ പിടികൂടിയത്.
മോഷണങ്ങൾ തടയാനായി ‘ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂ’രിന്റെ ഭാഗമായി പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. ഇവർ മറ്റിടങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. പ്രതികൾ ഉൾപ്പെടെ ആറ് മോഷ്ടാക്കളെയാണ് അടുത്ത ദിവസങ്ങളിലായി പ്രത്യേക അന്വേഷണ സംഘം പെരുമ്പാവുരിൽനിന്ന് പിടികൂടിയത്.
പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സിഐ ടി.എം. സൂഫി, എസ്ഐ മാരായ റിൻസ് എം. തോമസ്, പി.എം. റാസിഖ്, എൽദോസ് കുര്യാക്കോസ്, സി.കെ. എൽദോ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.