മഞ്ഞപ്പിത്തം; ജില്ലയില്‍ 20 ദിവസത്തിനിടെ സ്ഥിരീകരിച്ചത് 58 പേർക്ക്
1480719
Thursday, November 21, 2024 5:14 AM IST
കൊച്ചി: ജില്ലയില്‍ മഞ്ഞപ്പിത്ത രോഗം പടരുന്നു. കഴിഞ്ഞ 20 ദിവസത്തിനിടെ വിവിധയിടങ്ങളിലായി 58 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നഗര പ്രദേശങ്ങള്‍ക്ക് പുറമേ ജില്ലയുടെ ഗ്രാമ പ്രദേശങ്ങളിലും മഞ്ഞപ്പിത്തം (എ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശ്രീമൂലനഗരം, മലയാറ്റൂര്‍, പായിപ്ര, കിഴക്കമ്പലം, മട്ടാഞ്ചേരി, നെല്ലിക്കുഴി, കോതമംഗലം, നെടുമ്പാശ്ശേരി, കളമശ്ശേരി, വേങ്ങൂര്‍, ആവോലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ മലിനമായ കുടിവെള്ള ഉപയോഗം കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.
കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും വെള്ളം തിളപ്പിക്കാത്തതും, ചൂടുവെള്ളത്തോടൊപ്പം തണുത്ത വെള്ളം ചേര്‍ത്ത് കുടിവെള്ളം നൽകുന്നതും രോഗം കൂടുന്നതിനു കാരണമാകുന്നതായും ആരോഗ്യവിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കാതിരിക്കാന്‍ വ്യക്തിശുചിത്വം, ആഹാരശുചിത്വം, കുടിവെള്ളശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം. ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ ഗുളികകള്‍ കഴിക്കാതിരിക്കുക, സര്‍ക്കാര്‍ അംഗീകാരം ഇല്ലാത്ത ഒറ്റമൂലി ചികിത്സ കേന്ദ്രങ്ങളില്‍ നിന്നും ചികിത്സ സ്വീകരിക്കരുതെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്കുന്നു.
ഈവർഷം ഇതുവരെ
എട്ടു മരണം; 563 കേസുകള്‍
ഈ വര്‍ഷം ഇതുവരെ സംശയാസ്പദമായ 722 മഞ്ഞപ്പിത്തം (എ) കേസുകളും സ്ഥിരീകരിച്ച 563 കേസുകളും എട്ട് മരണങ്ങളുമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മലിനമായ കുടിവെള്ളത്തിന് പുറമേ പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതളപാനീയങ്ങളുടെയും ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധമല്ലാത്ത വെളളത്തില്‍ നിര്‍മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
പ്രതിരോധിക്കാം
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, തിളപ്പിച്ചതും തിളപ്പിക്കാത്തതുമായ കുടിവെള്ളം കൂടികലര്ത്തി ഉപയോഗിക്കരുത്. കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുക, കിണറിന് ചുറ്റുമുള്ള പരിസരങ്ങളില്‍ വൃത്തിഹീനമായ രീതിയില്‍ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക, കൃത്യമായ ഇടവേളകളില്‍ കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക. മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളി ല്‍ കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക. ഇത്തരത്തില്‍ അണുവിമുക്തമായ ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കുക,
വൃത്തിഹീന സാഹചര്യത്തില്‍ പാകം ചെയ്ത ആഹാരസാധനങ്ങളും പാനീയങ്ങളും കഴിക്കാതിരിക്കുക, തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം ചെയ്യാതിരിക്കുക, വീട്ടു പരിസരത്ത് മാലിന്യം കുന്നുകൂടാതെ ശ്രദ്ധിക്കുക.
ഈച്ച ശല്യം ഒഴിവാക്കുക, രോഗബാധയുള്ള പ്രദേശങ്ങളില്‍ സ്കൂളുകളിലും കോളജുകളിലും ജോലിസ്ഥലങ്ങളിലും മറ്റും ഭക്ഷണവും കുടിവെള്ളവും പങ്കുവച്ച് കഴിക്കുന്നത് ഒഴിവാക്കുക. രോഗികള്‍ ഉപയോഗിക്കുന്ന പാത്രങ്ങളും ആഹാരവും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.