സ്റ്റാർ ജീസസ് സ്കൂളിലെ കുട്ടികൾ ഗ്രെയ്സ് ഹോം സന്ദർശിച്ചു
1481284
Saturday, November 23, 2024 4:31 AM IST
കറുകുറ്റി: കറുകുറ്റി സ്റ്റാർ ജീസസ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികൾ ഗ്രെയ്സ് ഹോം സന്ദർശിച്ചു. സ്കൂളിൽ നിന്ന് പ്രധാനാധ്യാപകൻ ഫാ. ജോണി ചിറയ്ക്കലിന്റെ നേതൃത്വത്തിലാണ് സാമൂഹ്യസേവനരംഗത്ത് വേറിട്ട പ്രവർത്തനം കാഴ്ച വയ്ക്കുന്ന ഗ്രെയ്സ് ഹോം സന്ദർശിച്ചത്.
കറുകുറ്റി ക്രിസ്തുരാജാശ്രമ ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രെയ്സ് ഹോം സാമൂഹ്യ സേവന രംഗത്ത് ചെയ്യുന്ന മാതൃകാപരമായ പ്രവൃത്തികൾ കുട്ടികളെ പരിചയപ്പെടുത്തുന്നതിന് ഈ യാത്ര സഹായകമായതായി സ്കൂൾ അധികൃതർ അറിയിച്ചു. കുട്ടികൾക്ക് ജാക്സൻ ജോസ് ക്ലാസെടുത്തു.
പാവങ്ങൾക്ക് ഭക്ഷണം ഒരുക്കി വിതരണം ചെയ്യുന്ന പാചകപ്പുരയും വിദ്യാർഥികൾ സന്ദർശിച്ചു. കുട്ടികൾക്ക് പാഠപുസ്തകത്തിനും ക്ലാസ് മുറികൾക്കും അപ്പുറം സാമുഹ്യ ബോധവും മൂല്യങ്ങൾ നിറഞ്ഞവരും ലക്ഷ്യമുള്ളവരായി പഠിക്കുന്നതിനുമാണ് ഈ യാത്ര നടത്തിയതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. എസ്. അർജുൻ, എ.ജി. വിജയകൃഷ്ണൻ, റോയ് തച്ചിൽ തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നല്കി.