മത്സ്യബന്ധന ബോട്ട് ഗോവ കടലിൽ മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ചു
1481269
Saturday, November 23, 2024 4:31 AM IST
വൈപ്പിൻ: മുനമ്പത്തുനിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ട് ഗോവയിൽ നാവിക സേനയുടെ മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ച് മുങ്ങി. ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളികളിൽ 11 പേരെയും നേവിയും കോസ്റ്റുഗാർഡും ചേർന്ന് രക്ഷപ്പെടുത്തിയതായാണ് ഗോവയിൽ നിന്നു ലഭിച്ച വിവരം. സ്രാങ്ക് തമിഴ്നാട് സ്വദേശി ജെ. ജെനിഷ് മോൻ (30) ഉൾപ്പെടെ രണ്ടു പേരെ കാണാതായിട്ടുണ്ട്.
തൊഴിലാളികൾ എല്ലാം തന്നെ തമിഴ്നാട്ടുകാരും വടക്കേ ഇന്ത്യക്കാരുമാണെന്നാണ് വിവരം. 21 ന് വൈകുന്നേരം കിഴക്കന്‍ ഗോവ തീരത്തു നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്.
15 ന് മുനമ്പത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ പള്ളിപ്പുറം കാവാലം കുഴി ലിജു മൈക്കിളിന്റെ ഉടമസ്ഥതയിലുള്ള മാർത്തോമ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
ഇന്ത്യന്‍ നാവിക സേനയുടെ സ്കോര്‍പിയന്‍ ക്ലാസ് മുങ്ങിക്കപ്പലുമായാണ് കൂട്ടിയിടിച്ചത്.ആറ് കപ്പലുകളും നാവിക സേനയുടെ നിരീക്ഷണ വിമാനങ്ങളും സ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവർത്തനത്തെ തുടർന്നാണ് മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന 11 പേരെ കണ്ടെത്തി രക്ഷപ്പെടുത്താൻ കഴിഞ്ഞത്. കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.
മുംബൈ മാരിടൈം റെസ്ക്യൂ കോര്‍ഡിനേഷന്‍ സെന്ററിന്റെ മേല്‍നോട്ടത്തിലാണ് തെരച്ചിൽ.