കളമശേരി മെഡിക്കൽ കോളജിനെതിരായ പരാതി: എസിപി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1480720
Thursday, November 21, 2024 5:14 AM IST
കളമശേരി: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഭാര്യയുടെ ചികിത്സക്കെത്തിയ പരാതിക്കാരനോട് സെക്യൂരിറ്റി ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്ന പരാതി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകി. പരാതിക്കാരനെതിരെ രജിസ്റ്റർ ചെയ്ത 2724/23 നമ്പർ കേസിന്റെ സിഡി ഫയൽ പരിശോധിച്ച് ചാർജ് ചെയ്ത കുറ്റങ്ങൾ നിലനിൽക്കുന്നതാണോ എന്നും സിറ്റി പോലീസ് കമ്മീഷണർ പരിശോധിച്ച് റിപ്പോർട്ടിൽ അഭിപ്രായം രേഖപ്പെടുത്തണം. ജനുവരിയിൽ എറണാകുളത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കുറുപ്പംപടി സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി.
2023 ഡിസംബർ 16 നാണ് സംഭവം നടന്നത്. ഗൈനിക് ഒപിയിലെത്തിയ പരാതിക്കാരനും ഭാര്യയും ഡോക്ടറുടെ നിർദേശാനുസരണം എം വാർഡിൽ പ്രവേശിക്കുമ്പോഴാണ് സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞതെന്ന് പരാതിയിൽ പറയുന്നു. ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ കളമശേരി പോലീസ് തനിക്കെതിരെ കള്ളക്കേസെടുത്തെന്നും പരാതിക്കാരൻ അറിയിച്ചു.
എന്നാൽ സ്ത്രീകളുടെ വാർഡിൽ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പരാതിക്കാരനെ പ്രവേശിപ്പിക്കാതിരുന്നതെന്ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു. പരാതിക്കാരൻ വൈകാരികമായി പെരുമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന്റെ കൈയിലുണ്ടായ മുറിവ് അദ്ദേഹം സ്ഥലത്തെ ഗ്രിൽ ശക്തിയായി കുലുക്കിയപ്പോൾ ഉണ്ടായതാണെന്നും അധികൃതർ പറയുന്നു. എന്നാൽ താൻ കളമശേരി പോലീസിന് നൽകിയ പരാതിയിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിക്കാരൻ അറിയിച്ചു. പരാതിയിലെ ആരോപണങ്ങളെക്കുറിച്ച് വിശദമായ ഒരന്വേഷണം ആവശ്യമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.