സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്: ഭാരത് മാത ഇരുമ്പനം പുതിയ റോഡ് റീച്ച് നാലു വരിയാക്കും
1396298
Thursday, February 29, 2024 4:13 AM IST
കൊച്ചി: സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് വികസനത്തിന്റെ ഭാഗമായി നാലുവരിയാക്കാന്‍ അവശേഷിക്കുന്ന ഭാരത്മാത കോളജ് കളക്ടറേറ്റ് റീച്ചും ഇന്‍ഫോപാര്‍ക്ക് ഇരുമ്പനം പുതിയ റോഡ് റീച്ചും നാലുവരിയാക്കും. ഈ രണ്ട് റീച്ചുകള്‍ക്കിടയിലുള്ള കളക്ടറേറ്റ് ഇന്‍ഫോപാര്‍ക്ക് ഭാഗം നാലുവരിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോ ആരംഭിച്ചിട്ടുണ്ട്.
പുതിയ നാലുവരിപ്പാതയുടെ നിർദേശം ആര്‍ബിഡിസികെ തയാറാക്കി പൊതുമരാമത്ത് വകുപ്പിന് സമര്‍പ്പിക്കും. മന്ത്രിമാരായ പി. രാജീവ്, കെ. രാജന്, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധച്ച തീരുമാനം.
എന്‍എഡി മഹിളാലയം റീച്ചിന് ആവശ്യമായ 722 കോടി രൂപയുടെ അനുമതിയപേക്ഷ അടുത്ത ബോര്‍ഡ് യോഗം പരിഗണിക്കുമെന്ന് കിഫ്ബി യോഗത്തെ അറിയിച്ചു. എച്ച്എംടി, എന്‍എഡി ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമായി. രണ്ടാംഘട്ട റോഡ് വികസനത്തിലെ എച്ച്എംടി റോഡ് മുതല്‍ എന്‍എഡി വരെയുള്ള 2.7 കിലോമീറ്റര്‍ ദൂരമാണ് കോടതി നടപടികളെത്തുടര്‍ന്ന് തടസപ്പെട്ടിരുന്നത്.
റോഡ് വികസനത്തിന് ആവശ്യമായ എച്ച്എംടി ഭൂമി ലഭ്യമാക്കുന്നതിന് 16.35 കോടി രൂപ ദേശസാല്‍കൃത ബാങ്കില്‍ കെട്ടിവയ്ക്കാന്‍ ആര്‍ബിഡി സികെക്ക് അനുമതി നല്‍കിയിട്ടുണ്ട്. സുപ്രീം കോടതിയില്‍ നിലവിലുള്ള കേസിന്റെ അന്തിമ വിധിയനുസരിച്ചായിരിക്കും ഭൂമി ഏറ്റെടുക്കലിന്റെ സ്വഭാവം തീരുമാനിക്കുകയെങ്കിലും തല്‍ക്കാലത്തേക്ക് നഷ്ടപരിഹാരത്തുക കെട്ടിവെച്ച് റോഡ് നിർമാണം ആരംഭിക്കാനാണ് തീരുമാനം. ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം, തുടര്‍ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാമെന്നാണ് സര്‍ക്കാറിന് ലഭിച്ച നിയമോപദേശം.
റോഡ് വികസനത്തിന് എന്‍എഡിയില്‍ നിന്ന് വിട്ടു കിട്ടേണ്ട 529 സെന്റ് ഭൂമിക്കായുള്ള അപേക്ഷ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി വീണ്ടും ബന്ധപ്പെടും. ഭൂമി ലഭ്യമായാല്‍ എന്‍എഡിയുമായുള്ള ധാരണപ്രകാരം പുനര്നിര്മിക്കേണ്ട എന്‍എഡി റോഡിനായി 40.50 കോടി രൂപക്കുള്ള നിര്‍ദ്ദേശം ആര്‍ബിഡിസികെ സര്‍ക്കാരിന് നല്‍കാനും യോഗം തീരുമാനിച്ചു.