ഇ​ടു​ക്കി​യി​ലും ദു​രി​ത​പ്പെ​യ്ത്ത്
Wednesday, July 31, 2024 6:02 AM IST
തൊ​ടു​പു​ഴ: ക​ന​ത്ത പേ​മാ​രി​യി​ലും കാ​റ്റി​ലും ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശം. മൂ​ന്നു ദി​വ​സ​മാ​യി തു​ട​രു​ന്ന കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞും മ​രം വീ​ണു​മാ​ണ് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. അ​ടി​മാ​ലി മ​ച്ചി​പ്ലാ​വ് പ​ള്ളി​ക്ക​ടു​ത്ത് ഓ​ട​യി​ൽ വീ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ഒ​രാ​ൾ മ​രി​ച്ചു.

ഉ​ടു​ന്പ​ഞ്ചോ​ല താ​ലൂ​ക്കി​ൽ ര​ണ്ടും തൊ​ടു​പു​ഴ, ദേ​വി​കു​ളം താ​ലൂ​ക്കി​ൽ ഓരോന്നുവീ​തം നാ​ലു വീ​ടു​ക​ൾ ത​ക​ർ​ന്നു. മാ​ങ്കു​ള​ത്തുനി​ന്ന് കു​റ​ത്തി​ക്കു​ടി​യി​ലേ​ക്ക് പോ​കു​ന്ന ഭാ​ഗ​ത്തെ ക​ലു​ങ്ക് ത​ക​ർ​ന്നു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. സ​മീ​പ​ത്തെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ബൈ​സ​ണ്‍​വാ​ലി​യി​ൽ വീ​ടു ത​ക​ർ​ന്നു.

ആ​ന​ച്ചാ​ൽ കു​ഞ്ചി​ത്ത​ണ്ണി റോ​ഡി​ൽ ആ​ഡി​റ്റ് ഇ​റ​ക്ക​ത്തി​ൽ ഹോം​സ്റ്റേ​യു​ടെ സം​ര​ക്ഷ​ണ​ഭി​ത്തി റോ​ഡി​ലേ​ക്ക് പ​തി​ച്ചു. പ​വ​ർ​ഹൗ​സ് ചി​ത്തി​ര​പു​രം റോ​ഡി​ൽ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കു​ഞ്ചി​ത്ത​ണ്ണി പു​ളി​ഞ്ചോ​ട് ജം​ഗ്ഷ​നി​ൽ റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം ഒ​ലി​ച്ചു​പോ​യി. വ​ണ്ടി​പ്പെ​രി​യാ​ർ വി​കാ​സ് ന​ഗ​റി​ൽ മ​ണ്ണി​ടി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ ഇ​ല്ലി​ചാ​രി ഗ​വ. എ​ൽ​പി സ്കൂ​ളി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ണു. സ്കൂ​ളി​ന് സ​മീ​പ​മു​ള്ള പ​ള്ളി​വ​ക സ്ഥ​ല​ത്തുനി​ന്ന മ​ര​മാ​ണ് ക​ട​പു​ഴ​കിവീ​ണ​ത്.

മു​തി​ര​പ്പു​ഴ​യാ​ർ, ദേ​വി​യാ​ർ​പു​ഴ, ഉ​പ്പാ​ർ, വേ​ളൂ​ർ​പു​ഴ എ​ന്നീ ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കി. അ​ടി​മാ​ലി​യി​ൽ ദേ​വി​യാ​ർ പു​ഴ​ക​വി​ഞ്ഞ് തീ​ര​ത്തെ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.
ജി​ല്ല​യി​ലെ​ന്പാ​ടും പ​ല​യി​ട​ങ്ങ​ളി​ലും മ​രം ലൈ​നി​നു മു​ക​ളി​ലേ​ക്കു വീ​ണും പോ​സ്റ്റ് ക​ട​പു​ഴ​കി​യും വൈ​ദ്യു​തി മു​ട​ങ്ങി. പ​ല​യി​ട​ത്തും രാ​ത്രി ഏ​റെ വൈ​കി​യും വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല. മ​രംവീ​ണ് നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ ഗ​താ​ഗ​തം മു​ട​ങ്ങി. ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് മ​രം​മു​റി​ച്ച് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.


മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​മാ​ണു​ണ്ടാ​യ​ത്. ഇ​വി​ടെ ദേ​ശീ​യപാ​ത ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ ഏ​ക​ഗോ​ത്ര​വ​ർ​ഗ​ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ജി​ല്ല​യി​ൽ പെ​യ്ത​ത് 131.04 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത് മൂ​ന്നാ​ർ ഉ​ൾ​പ്പെ​ടു​ന്ന ദേ​വി​കു​ളം താ​ലൂ​ക്കി​ലാ​ണ് 198.4മി​ല്ലി മീ​റ്റ​ർ. ഉ​ടു​ന്പ​ഞ്ചോ​ല - 72, ദേ​വി​കു​ളം - 198.4, പീ​രു​മേ​ട് -155, ഇ​ടു​ക്കി -124.4, തൊ​ടു​പു​ഴ -105.4 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു താ​ലൂ​ക്കു​ക​ളി​ൽ പെ​യ്ത മ​ഴ​യു​ടെ ക​ണ​ക്ക്.

നാ​ലി​ട​ത്ത് ക്യാ​ന്പു​ക​ൾ

മൂ​ന്നാ​ർ മൗ​ണ്ട് കാ​ർ​മ​ൽ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യം- 42, ഗ​വ. ഹൈ​സ്കൂ​ൾ ചി​ത്തി​ര​പു​രം -35, ഖ​ജ​നാ​പ്പാ​റ ഗ​വ. എ​ച്ച്എ​സ്എ​സ് -27, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ൾ -5 എ​ന്നി​ങ്ങ​നെ​യാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം.

അ​ഞ്ച് ഡാ​മു​ക​ൾ തു​റ​ന്നു

ക​ല്ലാ​ർ​കു​ട്ടി, പാ​ബ്ല, മ​ല​ങ്ക​ര, പൊ​ൻ​മു​ടി, ഹെ​ഡ്‌വർ​ക്സ് എ​ന്നീ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്നു. ഇ​ടു​ക്കി ഡാ​മി​ൽ ഒ​റ്റദി​വ​സം കൊ​ണ്ട് ജ​ല​നി​ര​പ്പ് 2360.56 അ​ടി​യാ​യി. സം​ഭ​ര​ണ​ശേ​ഷി​യു​ടെ 55 ശ​ത​മാ​ന​മാ​ണി​ത്. 2403 അ​ടി​യാ​ണ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി. മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ലെ ജ​ല​നി​ര​പ്പ് 128.90 അ​ടി​യാ​യി. 142 അ​ടി​യാ​ണ് അ​നു​വ​ദ​നീ​യ​മാ​യ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി.