വിശ്വാസത്തിന്റെ ഉജ്ജ്വലസാക്ഷ്യമായി മരിയൻ തീർഥാടനം
1451603
Sunday, September 8, 2024 5:51 AM IST
രാജാക്കാട്: വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി നാലാമത് ഇടുക്കി രൂപത മരിയൻ തീർഥാടനം. ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്ത തീർഥാടനം ഹൈറേഞ്ചിനു പുതിയ അനുഭവമായി.
ഇടുക്കി ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽനിന്നു രാവിലെ 9.30ന് ആരംഭിച്ച തീർഥാടനം ഉച്ചകഴിഞ്ഞ് ഒന്നിനു രാജകുമാരി തീർഥാടന കേന്ദ്രത്തിൽ എത്തിച്ചേർന്നു.
വൈദികരും സന്ന്യസ്തരും അല്മായരുമടങ്ങുന്ന ആയിരങ്ങൾ പ്രാർത്ഥനാപൂർവം കാൽനടയായി തീർഥാടനത്തിൽ അണിനിരന്നു. സീറോ മലബാർ സഭ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലും കാൽനട തീർഥാടനത്തിൽ പങ്കെടുത്തു.
തീർഥാടനം രാജകുമാരിയിൽ എത്തിയപ്പോൾ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. മറിയം പ്രേഷിത തീർഥാടകയായിരുന്നെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കന്യാത്വത്തിന്റെ സൂക്ഷിപ്പുകാരിയായിരുന്നു മറിയം. മറിയത്തിന്റെ മാതൃകയും മാധ്യസ്ഥ്യവും നമ്മുടെ കുടുംബങ്ങൾക്ക് കരുത്ത് പകരേണ്ടതുണ്ട്. ജീവിത വിശുദ്ധി കുഞ്ഞുങ്ങൾക്ക് പകർന്നുനൽകാൻ കഴിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തീർഥാടനം കടന്നുപോയ വഴികളിലെല്ലാം നൂറുകണക്കിനാളുകൾ സ്വീകരണം നൽകി. ജാതി മത ഭേദമെന്യേ ആളുകൾ തീർഥാടനത്തെ വരവേറ്റു. രൂപത വികാരി ജനറാൾമാരായ മോണ്‍. ജോസ് കരിവേലിക്കൽ, മോണ്‍. ജോസ് പ്ലാച്ചിക്കൽ, മോണ്‍.ഏബ്രഹാം പുറയാറ്റ്, ഫാ. മാത്യു കരോട്ട്കൊച്ചറയ്ക്കൽ, ഫാ. ജിൻസ് കാരയ്ക്കാട്ട്, ഫാ. ജോസഫ് മാതാളികുന്നേൽ, ജോർജ് കോയിക്കൽ, ജെറിൻ പട്ടാംകുളം, സെസിൽ ജോസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ തീർഥാടനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
40 കിലോമീറ്റർ നടന്ന് മാർ ജോണ്‍ നെല്ലിക്കുന്നേൽ
നാലാമത് ഇടുക്കി രൂപത മരിയൻ തീർഥാടനം പ്രത്യേകതകൾ കൊണ്ട് ശ്രദ്ധേയമായി. ഈ വർഷം തീർഥാടനം രണ്ട് ഘട്ടങ്ങളായാണ് നടന്നത്. വെള്ളിയാഴ്ച അടിമാലി സെന്റ് ജൂഡ് ഫൊറോനാ തീർഥാടന ദൈവാലത്തിൽനിന്ന് ആരംഭിച്ച പദയാത്ര ആയിരമേക്കർ, കല്ലാർകുട്ടി, വെള്ളത്തൂവൽ, പന്നിയാർകുട്ടി വഴി രാജാക്കാട് എത്തിച്ചേർന്നു.
ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച തീർഥാടനം 30 കിലോമീറ്റർ പിന്നിട്ട് ശനിയാഴ്ച പുലർച്ചെ 12.30ന് രാജാക്കാട് എത്തി. നൂറുകണക്കിനാളുകൾ തീർഥാടനത്തിൽ പങ്കെടുത്തു. തുടർന്ന് രാവിലെ 10ന് ആയിരങ്ങൾ പങ്കെടുത്ത തീർഥാടനം 10 കിലോമീറ്റർ പിന്നിട്ട് ഉച്ചയ്ക്ക് ഒന്നിന് രാജകുമാരിയിൽ എത്തി. തീർഥാടനത്തിൽ മുഴുവൻ സമയവും രൂപത മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ കാൽനടയായി നേത്യത്വം നൽകി.
മത സൗഹാർദ കൂട്ടായ്മ സ്വീകരണം നൽകി
രാജാക്കാട്: രാജാക്കാട് മത സൗഹാർദകൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടുക്കി രൂപത മരിയൻ തീർഥാടകരെ സ്വീകരിച്ചു. റോഡിൽ ചുവപ്പ് പരവതാനി വിരിച്ചു പൂക്കൾ വിതറിയാണ് തീർഥാടകരെ വരവേറ്റത്.
രാജാക്കാട് മതസൗഹാർദ കൂട്ടായ്മ ചെയർമാൻ എം.ബി. ശ്രീകുമാർ, കണ്‍വീനർ ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, കോ-ഓർഡിനേറ്റർ വി.എസ്. ബിജു, ഇമാം നിസാർ ബാഖവി, കെ.എം. സുധീർ, പി.ബി. മുരളിധരൻനായർ,എം.ആർ. അനിൽകുമാർ, ജമാൽ ഇടശേരിക്കുടി, സജിമോൻ ജോസഫ്, വി.സി. ജോണ്സണ്, അബ്ദുൾകലാം, സിബി കൊച്ചുവള്ളാട്ട്, കെ.ജി. മഹേഷ്, വി.വി. ബാബു, ജോഷി കന്യാക്കുഴി, ടൈറ്റസ് ജേക്കബ് എന്നിവർ ചേർന്നാണ് മാർ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിലുള്ള തീർഥാടകരെ സ്വീകരിച്ചത്.
രാജാക്കാട് പള്ളി വികാരി ഫാ. ജോബി വാഴയിൽ കണ്‍വീനറായിട്ടാണ് നാലു വർഷങ്ങൾക്കുമുന്‍പ് രാജാക്കാട്ടെ എല്ലാ മതനേതാക്കളുടെയും മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെയും തൊഴിലാളി നേതാക്കളെയും നേതൃത്വത്തിൽ രാജാക്കാട് വികസന കൂട്ടായ്മ എന്ന പേരിൽ മത സൗഹാർദ്ദ കൂട്ടായ്മയ്ക്കു രൂപം നൽകിയത്.
തുടർന്ന് രാജാക്കാട് പള്ളിത്തിരുനാൾ, ക്ഷേത്രം ഉത്സവം, ഇഫ്താർ വിരുന്ന് ഇവയെല്ലാം എല്ലാ മതസ്ഥരും വ്യാപാരികളും ഒന്നുചേർന്നു നടത്തി സമൂഹത്തിനു മാതൃക കാട്ടിയിരുന്നു. അതിന്റെ ഭാഗമായാണ് നാലാം വർഷവും മരിയൻ തീർഥാടനത്തിനു സ്വീകരണം നൽകിയത്.