തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴ മുറിവില്ലാതെ നീക്കംചെയ്ത് സ്മിത ആശുപത്രി
1451600
Sunday, September 8, 2024 5:51 AM IST
തൊടുപുഴ: കഴുത്തിൽ മുറിവുകളില്ലാതെ തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴ വിജയകരമായി നീക്കം ചെയ്ത് തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രി. അടിമാലി സ്വദേശിയായ മുപ്പത്തിരണ്ടുകാരിക്കാണ് അപൂർവ ശസ്ത്രക്രിയ നടത്തിയത്.
സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. ചൈതന്യ റെഡ്ഡി, ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി വിഭാഗം മേധാവി ഡോ. സനു പി. മൊയ്തീൻ, സർജിക്കൽ ഗാസ്ട്രോ വിഭാഗം മേധാവി ഡോ. മാത്യൂസ് ജയിംസ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് വെല്ലുവിളി നിറഞ്ഞ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. സാധാരണ കഴുത്തിന്റെ മുൻഭാഗത്ത് മുറിവ് കൂടാതെ തൈറോയ്ഡ് മുഴകൾ നീക്കം ചെയ്യാനാവില്ല. എന്നാൽ ട്രാൻസ് ഓറൽ എൻഡോസ്കോപ്പിക് തൈറോഡെക്റ്റമി വെസ്റ്റിബുലാർ അപ്രോച്ച് സർജറിയിലൂടെ മുറിവില്ലാതെ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യാനാകും.
ലാപ്രോസ്കോപ്പി ഉപകരണങ്ങൾ ചുണ്ടിനടിയിലൂടെ കടത്തി തൈറോയ്ഡ് ഗ്രന്ഥി വായ്ക്കുള്ളിലൂടെയാണ് നീക്കം ചെയ്യുന്നത്. രാജ്യത്ത് അപൂർവം ആശുപത്രികളിൽ മാത്രമാണ് ഈ ശസ്ത്രക്രിയ വിജയകരമായി നടത്തിയിട്ടുള്ളത്.ശസ്ത്രക്രിയയ്ക്കുശേഷം പൂർണ ആരോഗ്യവതിയായ യുവതി കഴിഞ്ഞ ദിവസം ആശുപത്രിയിൽനിന്നു വീട്ടിലേക്ക് മടങ്ങി.