വിശ്വാസത്തിൽ വളരുന്പോൾ പ്രതിസന്ധികളെ അതിജീവിക്കാൻ ശക്തി ലഭിക്കും: മാർ പുളിക്കൽ
1451606
Sunday, September 8, 2024 5:51 AM IST
കാഞ്ഞിരപ്പള്ളി: വിശ്വാസത്തിൽ വളരുന്പോൾ പരിശുദ്ധ മറിയത്തെപ്പോലെ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുവാൻ ശക്തി ലഭിക്കുമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ. സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോന്പ് തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്.
പരിശുദ്ധ മാതാവ് ഈശോയുടെ അമ്മ മാത്രമല്ല നമ്മുടെകൂടി അമ്മയാണ്. വിശ്വാസത്തിന്റെ ഏറ്റവും പൂർണരൂപമാണ് മാതാവ്. ഏറെ സ്വപ്നങ്ങൾ ഉള്ളവരാണ് യുവജനങ്ങൾ. നിങ്ങളുടെ സ്വപ്നങ്ങൾ ദൈവഹിതമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ദൈവഹിതമാണെങ്കിൽ അതിന് ഉത്തരം കൊടുക്കുക, അല്ലെങ്കിൽ അതിൽനിന്ന് മാറി നടക്കുക. ജീവിതത്തിന്റെ ആത്യന്തിക വിജയം ദൈവഹിതം നിർവഹിക്കുന്പോൾ മാത്രമായിരിക്കും നമുക്ക് ലഭിക്കുന്നതെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
എസ്എംവൈഎം മരിയന്‍ പദയാത്ര
കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ എട്ടുനോന്പാചരണത്തിന്റെ ഭാഗമായി പൊൻകുന്നം ഹോളി ഫാമിലി ഫൊറോന പള്ളിയിൽനിന്ന് കാഞ്ഞിരപ്പള്ളി പഴയപള്ളിയിലേക്ക് മരിയന്‍ പദയാത്ര നടത്തി.
പൊൻകുന്നം ഹോളി ഫാമിലി ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. ടിബിൻ ചേനപ്പുരയ്ക്കൽ രൂപതാ പ്രസിഡന്റ് അലൻ എസ്. വെള്ളൂരിന് പതാക കൈമാറി പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വൈകുന്നേരം 4.30ന് പഴയപള്ളിയിലെത്തിയ പദയാത്രയെത്തുടർന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി.
കാഞ്ഞിരപ്പള്ളി, പൊൻകുന്നം, റാന്നി -പത്തനംതിട്ട, വെളിച്ചിയാനി, മുണ്ടക്കയം, പെരുവന്താനം, എരുമേലി എന്നീ ഫൊറോനകളിലെ നിരവധി യുവജനങ്ങൾ പദയാത്രയിൽ പങ്കെടുത്തു. തുടർന്ന് നേർച്ചപ്പായസം വിതരണം ചെയ്തു.
രൂപതാ എസ്എംവൈഎം ഡയറക്ടർ ഫാ. തോമസ് നരിപ്പാറയിൽ, ഫാ. ബോബി വേലിക്കകത്ത്, ആനിമേറ്റർ സിസ്റ്റർ മേബിൾ എസ്എബിഎസ്, പ്രസിഡന്റ് അലൻ എസ്. വെള്ളൂർ, സെക്രട്ടറി മെറിൻ സഖറിയാസ്, കെസിവൈഎം സിൻഡിക്കറ്റ് ആൻമരിയ തോമസ്, ട്രഷറർ അലൻ തോമസ്, ലോറേഞ്ച് റെപ്രസെന്റേറ്റീവ് സോബിൻ സജു, മീഡിയ കോ ഓർഡിനേറ്റർ സ്റ്റെഫിൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.