യുഡിഎഫിലെ തർക്കം തീർക്കാൻ മൂന്നംഗ സമിതി
1451591
Sunday, September 8, 2024 5:51 AM IST
തിരുവനന്തപുരം: തൊടുപുഴ നഗരസഭ, സേനാപതി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിലുണ്ടായ പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായി യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ അറിയിച്ചു.
മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ, കേരള കോണ്‍ഗ്രസ് നേതാവ് മോൻസ് ജോസഫ് എംഎൽഎ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
തൊടുപുഴ നഗരസഭയിൽ ചെയർമാൻ തെരഞ്ഞെടുപ്പിനെ തുടർന്ന് കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിൽ കടുത്ത ഭിന്നതയാണ് നില നിൽക്കുന്നത്. ചെയർമാനായിരുന്ന സനീഷ് ജോർജ് കൈക്കൂലിക്കേസിൽ പ്രതിയായതോടെ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഇതിനിടെ നടന്ന ഉപ തെരഞ്ഞെടുപ്പിൽ വിജയിക്കുക കൂടി ചെയ്തതോടെ ഭൂരിപക്ഷം ലഭിച്ച യുഡിഎഫിന് ലഭിക്കേണ്ടിയിരുന്ന ചെയർമാൻ പദവി കോണ്‍ഗ്രസും ലീഗും തമ്മിലുള്ള പടലപ്പിണക്കത്തെത്തുടർന്ന് വീണ്ടും എൽഡിഎഫിനു ലഭിക്കുകയായിരുന്നു.
ചെയർമാൻ തെരഞ്ഞെടുപ്പിൽ ഘടകകക്ഷികളായ കോണ്‍ഗ്രസും മുസ്ലിം ലീഗും സ്ഥാനാർഥികളെ നിർത്തിയതോടെയാണ് കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും അധികാരം എൽഡിഎഫിനു ലഭിച്ചത്. അവസാന വട്ട തെരഞ്ഞെടുപ്പിൽ ലീഗ് എൽഡിഎഫിനെ പിന്തുണച്ചതോടെയാണ് പദവി യുഡിഎഫിനു നഷ്ടമായത്.
ഇതേത്തുടർന്ന് കോണ്‍ഗ്രസ്-ലീഗ് നേതാക്കൾ തമ്മിൽ വാക്പോരും നടന്നിരുന്നു. ജില്ലയിൽ യുഡിഎഫുമായി സഹകരിക്കില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കുകയും ചെയ്തു.
പിന്നീട് വൈസ് ചെയർപേഴ്സണ്‍ ജെസി ആന്റണിക്കെതിരേ യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ ലീഗ് തയാറായില്ല. ചർച്ചയിൽനിന്നു ലീഗ് കൗണ്‍സിലർമാർ വിട്ടുനിന്നതോടെ അവിശ്വാസം പരാജയപ്പെടുകയായിരുന്നു.