വിളവെടുപ്പിന് ഒരുങ്ങി ഉടുന്പന്നൂരിലെ പൂപ്പാടം
1451157
Friday, September 6, 2024 11:06 PM IST
തൊടുപുഴ: ഓണത്തോടനുബന്ധിച്ച് പ്രാദേശിക തലത്തിൽ പൂകൃഷി നടത്തിയ പൂപ്പാടങ്ങളും പച്ചക്കറിത്തോട്ടങ്ങളും വിളവെടുപ്പിനൊരുങ്ങി. മുൻകാലങ്ങളിൽ പൂക്കൾക്കായി മറ്റു സംസ്ഥാനങ്ങളെ മാത്രമാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഓണക്കാലത്തും മറ്റും പൂക്കളുടെ വിപണി സാധ്യത കണക്കിലെടുത്താണ് ജില്ലയിൽ പല സ്ഥലത്തും പൂക്കളുടെ കൃഷി വ്യാപകമാകുന്നത്.
പ്രാദേശിക ഭരണകേന്ദ്രങ്ങളും കുടുംബശ്രീയും പൂകൃഷിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിനു പുറമേ പച്ചക്കറി പ്രോത്സാഹന പദ്ധതികളും നടപ്പാക്കുന്നുണ്ട്.
ഉടുന്പന്നൂർ പഞ്ചായത്ത് കഴിഞ്ഞ വർഷം വാർഡ് തലത്തിൽ കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ച് 21 ഇടങ്ങളിലായി 16.5 ഏക്കർ സ്ഥലത്ത് വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്ത് നൂറുമേനി വിളവ് കൊയ്തതിനു പിന്നാലെയാണ് ഈ ഓണത്തിന് പൂക്കളും സ്വന്തമായി ഉത്പാദിപ്പിക്കണം എന്ന തീരുമാനത്തിലെത്തിയത്.
ഇതിനായി വാർഷിക പദ്ധതിയിൽ പുഷ്പഗ്രാമം പദ്ധതിക്കായി ഒരു ലക്ഷം രൂപ വകയിരുത്തി. കൃഷി ചെയ്യാൻ താത്പര്യമുള്ള കർഷകർക്ക് നാലു രൂപ വിലയുള്ള ഹൈബ്രിഡ് തൈകൾ മൂന്നു രൂപ സബ്സിഡിയോടെ ഒരു രൂപയ്ക്ക് ലഭ്യമാക്കി. കൂലിച്ചെലവിനായി ഒരു ഹെക്ടറിന് 16,000 രൂപ വീതം സബ്സിഡിയും അനുവദിച്ചു.
കൃഷിഭവന്റെ മേൽനോട്ടത്തിൽ 19 ഇടങ്ങളിലായി 2.5 ഏക്കറിൽ പൂക്കൃഷി ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷി ആരംഭിച്ചതെങ്കിലും പൂപ്പാടങ്ങളിൽ നൂറുമേനി വിളഞ്ഞു. ഈ വർഷവും തുടർന്നും വിവിധ കൃഷിക്കൂട്ടങ്ങളുടെ പച്ചക്കറി കൃഷിയും വിളവെടുക്കുന്നതോടെ വിഷരഹിത പച്ചക്കറിയും നാടിനായി സമർപ്പിക്കാനാകും.
പച്ചക്കറി കൃഷിക്ക് ഒരു ഹെക്ടറിന് 22,000 രൂപ നിരക്കിലാണ് ധനസഹായം.
ഇതിനായി രണ്ടു ലക്ഷം രൂപ വാർഷിക പദ്ധതിയിൽ വകയിരുത്തിയിരുന്നു. പുഷ്പഗ്രാമം പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം മലയിഞ്ചിയിലെ മൂലന്പുഴയിൽ ബിനീഷിന്റെ പൂപ്പാടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിർവഹിച്ചു.
ജമന്തി വിരിഞ്ഞത് നൂറു മേനി
മലയിഞ്ചി മൂലന്പുഴയിൽ ബിനീഷ് വീടിനടുത്ത് 30 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് കഴിഞ്ഞ ജൂലൈയിൽ പൂകൃഷി ആരംഭിച്ചത്.
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ജമന്തിച്ചെടിയുടെ വിത്തുകളാണ് പാകിയത്.
65 ദിവസം കൊണ്ട് പൂക്കൾ വിരിഞ്ഞു പാകമായി. വിളവെടുപ്പ് പൂർത്തിയാകുന്പോൾ 150 കിലോയോളം ലഭിക്കുമെന്ന് കരുതുന്നതായി ബിനീഷ് പറഞ്ഞു.
തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമുള്ള പൂക്കടകളിലാണ് വിൽപ്പന.
ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളമിടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നേരിട്ട് എത്തിക്കാനും പദ്ധതിയുണ്ട്.
ഇപ്പോൾ മാർക്കറ്റിൽ 80 രൂപ ലഭിക്കുന്പോൾ ഓണം അടുക്കും തോറും വില വർധിക്കാൻ സാധ്യത ഉള്ളതായി ബിനീഷ് പറഞ്ഞു.
ഇനിയും കൂടുതൽ സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് പൂക്കൃഷി തുടരാനാണ് ബിനീഷിന്റെ പദ്ധതി.