കെഎസ്ആർടിസി ഗ്രാമീണ സർവീസുകൾ നിർത്തലാക്കുന്നു
1451164
Friday, September 6, 2024 11:06 PM IST
ചെറുതോണി: കെഎസ്ആർടിസി ഗ്രാമീണ സർവീസുകൾ ഒന്നൊന്നായി നിർത്തലാക്കുകയാണ്. കെഎസ്ആർടിസിയുടെ ചില സബ് ഡിപ്പോകൾ തന്നെ അടച്ചുപൂട്ടലിന്റെ വക്കിലായിരി ക്കുകയാണ്.
ജില്ലയിലെ എല്ലാ ഗ്രാമീണ മേഖലയിൽനിന്നും കെഎസ്ആർടിസി സർവീസ് നടത്തിക്കൊണ്ടിരുന്നതാണ്. ലാഭകരമായ സർവീസുകളെല്ലാം തന്നെ നിർത്തലാക്കി. കട്ടപ്പനയിൽനിന്നു തങ്കമണി - ചെറുതോണി വഴി പാലക്കാട് - ആനക്കട്ടിയിലേക്ക് 12 വർഷമായി സർവീസ് നടത്തിയിരുന്ന ബസ് നിർത്തലാക്കി. കട്ടപ്പന- ഷോളയൂർ ബസും നിർത്തലാക്കി. ഇത്തരത്തിൽ നിരവധി ബസുകളാണ് നിർത്തലാക്കിയ ഗണത്തിലുള്ളത്.
സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചുകൊണ്ടിരുന്ന കട്ടപ്പന സബ് ഡിപ്പോ ഇപ്പോൾ നഷ്ടത്തിലാണ്. നെടുങ്കണ്ടം സബ് ഡിപ്പോ തകർച്ചയുടെ വക്കിലുമായി. ടൂറിസം മേഖലയിലുള്ള മൂന്നാർ ഡിപ്പോയും വൻ നഷ്ടത്തിലാണ്. ഡിടി ഒയും എടിഒമാരും ചേർന്ന് സ്വകാര്യ ബസുകാരുമായി നടത്തുന്ന കള്ളക്കളിയാണ് പൊതു ഗതാഗതത്തിന്റെ നടുവൊടിക്കുന്നതെന്നാണ് ആരോപണം. സ
സ്വകാര്യ ബസുകളുടെ മുൻപിൽ കെഎസ്ആർടിസി സർവീസ് ആരംഭിക്കുക, അതിനുശേഷം അവരിൽനിന്ന് പണം വാങ്ങി സർവീസ് പിൻവലിക്കുക ഇതാണ് നടക്കുന്നത്.
ഇത്തരത്തിൽ നിരവധി പേരിൽനിന്ന് പണം വാങ്ങിയാണ് സർവീസുകൾ നിർത്തലാക്കുന്നതെന്നാണ് പരാതി. പണം കൊടുക്കാതിരുന്നാൽ സ്വകാര്യ ബസിന്റെ മുന്നിലും പിന്നിലും കെആർടിസി ബസ് ഇട്ട് ആർക്കും വരുമാനം ഇല്ലാതാക്കും.
ഇത്തരത്തിൽ സ്വകാര്യ ബസുകാരെ പണം കൊടുക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിതരാക്കുകയാണ്. ഗ്രാമീണ യാത്രക്കാരെ വലച്ചു ബസുകൾ നിർത്തലാക്കി പണം കൊയ്യുന്ന ഉദ്യോഗസ്ഥർക്കെതിരേ പ്രധിഷേധ സമരത്തിനൊരുങ്ങുകയാണ് യുവജന സംഘടനകൾ.