ചൊക്രമുടി കൈയേറ്റഭൂമിയിലെ പട്ടയങ്ങൾ റദ്ദാക്കണം: രമേശ് ചെന്നിത്തല
1451605
Sunday, September 8, 2024 5:51 AM IST
അടിമാലി: ചൊക്രമുടി കൈയേറ്റ ഭൂമിയിലെ പട്ടയങ്ങൾ റദാക്കണമെന്ന് രമേശ് ചെന്നിത്തല. ബൈസൺവാലി വില്ലേജിലെ ചൊക്രമുടിയിലെ കൈയേറ്റ ഭൂമി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമാഫിയകൾക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഇതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരുടെ പേരിൽ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുടിയേറ്റത്തെയും കൈയേറ്റത്തെയും രണ്ടായി കാണണം. ചൊക്രമുടി വിഷയത്തിൽ റവന്യൂ മന്ത്രി ഒന്നാം പ്രതിയാണെന്നും അതീവ പരിസ്ഥിതലോല മേഖലയിലുള്ള കൈയേറ്റം റവന്യൂ വകുപ്പിന്റെ ഒത്താശയോടെയാണെന്നും ചെന്നിത്തല ആരോപിച്ചു. റവന്യൂ മന്ത്രിയുടെയും മന്ത്രിയുടെ പാർട്ടിയുടെയും ഇടപെടൽ ഇതിൽ വ്യക്തമാണ്. റവന്യൂ വകുപ്പ് മന്ത്രിയുടെയും പാർട്ടിയുടെയും സഹായം ഉണ്ടെങ്കിൽ ഏത് കൊടുമുടിയും പിടിച്ചടക്കാം എന്ന സ്ഥിതിയായി. ചൊക്രമുടിയിലെ ഒറ്റമരം മുതൽ ഗ്യാപ് റോഡ് വരെയുള്ള കൈയേറ്റം ഒഴുപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് നിരവത്ത്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ്് സി.പി. മാത്യു, ഡീൻ കുര്യാക്കോസ് എംപി, അഡ്വ. എസ്. അശോകൻ, റോയി കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, ജോയി തോമസ്, എ.കെ. മണി, എം.എൻ. റോയ്, തോമസ് രാജൻ, എ.പി. ഉസ്മാൻ, ബാബു പി. കുര്യാക്കോസ്, ടി.എസ്. സിദ്ദിഖ് തുടങ്ങിയവരും മുൻ പ്രതിപക്ഷ നേതാവിനോടൊപ്പം ഉണ്ടായിരുന്നു.