അശാസ്ത്രീയ റോഡ് നിർമാണം: ചേമ്പളത്ത് ബസുകൾ ചെളിയിൽ താഴ്ന്നു
1451162
Friday, September 6, 2024 11:06 PM IST
നെടുംങ്കണ്ടം: റോഡിൽ അശാസ്ത്രീയമായ രീതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിനെത്തുടർന്ന് ചേമ്പളം-കവുന്തി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. നിർമാണത്തിലിരിക്കുന്ന കമ്പംമെട്ട്- വണ്ണപ്പുറം സംസ്ഥാന പാതയുടെ ഭാഗമായ റോഡിൽനിന്നു പാറ കുഴിച്ചു പൊട്ടിക്കുകയും കുഴിയിൽ മണ്ണ് നിറച്ച് മൂടുകയുമായിരുന്നു. രാത്രിയിൽ മഴ പെയ്യുകകൂടി ചെയ്തതോടെ ഇവിടം ചെളിക്കുളമായി മാറി.
ഇന്നലെ പുലർച്ചെ 5.30ന് ഇതുവഴിയെത്തിയ കെഎസ്ആർടിസി ബസിന്റെ ടയറുകൾ ചെളിയിൽ താഴ്ന്നുപോയി.
ബസുകൾ ഉൾപ്പടെ നിരവധി വാഹനങ്ങളാണ് കുരുക്കിൽപ്പെട്ടത്. കെഎസ്ആർടിസി ബസ് ഉയർത്താൻ എത്തിയ വാഹനവും ചെളിയിൽ താഴ്ന്നു. ഗതാഗതക്കുരുക്ക് 10 കഴിഞ്ഞിട്ടും പൂർണമായി പരിഹരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി ഗതാഗത തടസം പരിഹരിക്കാൻ കരാറുകാരനോട് ആവശ്യപ്പെട്ടു. 11 ഓടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
മണ്ണെടുപ്പും പാറ പൊട്ടിക്കലും മൂലം പല സ്ഥലങ്ങളും മണ്ണിടിച്ചിൽ ഭീഷണിയിലുമാണ്. ചിലരെ സഹായിക്കാൻ അലൈൻമെന്റിൽ മാറ്റം വരുത്തിയതായും റോഡിന്റെ വീതി കുറച്ചു നിർമിക്കുന്നതായും ആക്ഷേപമുണ്ട്. തൂക്കുപാലത്തെ കലുങ്ക് നിർമാണം വിവാദത്തിലാണ്.