വനംനിയമത്തിൽനിന്നു കൃഷിഭൂമി ഒഴിവാക്കൽ: വനം പരിസ്ഥിതി മന്ത്രാലയം നടപടി തുടങ്ങി
1451769
Sunday, September 8, 2024 11:50 PM IST
കട്ടപ്പന: കേന്ദ്ര വനസംരക്ഷണ നിയമഭേദഗതിയുടെ ആനുകൂല്യം ലഭ്യമാക്കി വനംവകുപ്പിന്റെ നിയന്ത്രണത്തിൽനിന്നു കൃഷിഭൂമി ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കർഷകർ നൽകിയ പരാതികളിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നടപടികൾ ആരംഭിച്ചതായി കർഷക സംഘടനാനേതാക്കൾ അറിയിച്ചു.
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഭേദഗതി ആനുകൂല്യം ലഭിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ചു നൽകാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനായി കേരളത്തിൽ പ്രിൻസിപ്പൽ സിസിഎഫ് ചെയർമാനും ലാൻഡ് റവന്യൂ കമ്മീഷണർ കോ-ചെയർമാനുമായി സമിതി രൂപീകരിച്ചുകൊണ്ട് 2024 മെയ് 16ന് ഉത്തരവ് ഇറക്കി. ഈ സമിതിക്കും കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവിനും ജില്ലയിൽനിന്നു നൂറുകണക്കിനു കർഷകർ പരാതികൾ സമർപ്പിച്ചിരുന്നു. 1996 ഡിസംബർ 12ന് മുമ്പ് ഏലം, കാപ്പി, കുരുമുളക് തുടങ്ങിയ വിളകൾ കൃഷി ചെയ്തിരുന്നതിന്റെ വിവിധ വകുപ്പുകളിലെ രേഖകൾ സഹിതമാണ് അപേക്ഷ നൽകിയത്.
സംസ്ഥാനത്തു രൂപീകരിച്ച സമിതിയിൽനിന്നു കർഷകർക്കിതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. എന്നാൽ കേന്ദ്ര വനം മന്ത്രാലയം ഓരോ കർഷകന്റെയും അപേക്ഷയിൽ ഫയൽ ഉണ്ടാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സമിതിയുടെ ചെയർമാനായ പ്രിൻസിപ്പൽ സിസിഎഫിന് അപേക്ഷകളിൽ നിയമപ്രകാരമുള്ള നടപടി സ്വീകരിച്ച് റിപ്പോർട്ട് ചെയ്യുവാൻ ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവ് നൽകിയിട്ടുണ്ട്. തീരുമാനം കർഷകരെയും അറിയിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്ത് രൂപീകരിച്ച സമിതിയുടെ പ്രവർത്തനം ഇതുവരെയും ആരംഭിച്ചിട്ടില്ല. സമിതിയില്ലായെന്ന മറുപടിയാണ് നിയമസഭയിൽ ജൂൺ മാസത്തിൽ ഇതു സംബന്ധിച്ച ചോദ്യത്തിന് വനംമന്ത്രി നൽകിയത്. മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ ജോസ് കെ. മാണിയും ഫ്രാൻസിസ് ജോർജും ഈ വിഷയങ്ങൾ സംബന്ധിച്ച് ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ എംപിമാരുടെ യോഗത്തിന്റെ പത്രക്കുറിപ്പിൽ ഈ വിവരങ്ങൾ ഉൾപ്പെടുത്തിയില്ല.
നിയമഭേദഗതിയുടെ ആനുകൂല്യം ലഭിക്കേണ്ട ലക്ഷക്കണക്കിനു കർഷകർ ഇങ്ങനെയൊരു കാര്യം പോലും അറിഞ്ഞിട്ടില്ല. ഇടുക്കി ജില്ലയിൽ ചിലയിടങ്ങളിൽ മാത്രമാണ് കർഷകർ ഇതേപ്പറ്റി കാര്യങ്ങൾ മനസിലാക്കി രേഖകളോടെ അപേക്ഷകൾ നൽകിയിട്ടുള്ളത്.
സെപ്റ്റംബർ മാസത്തോടെ സമിതിയുടെ കാലാവധി അവസാനിക്കും. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 24ന് കേന്ദ്രസർക്കാരിനു റിപ്പോർട്ട് നൽകും. ഇതിന്റെ കോപ്പി സുപ്രീം കോടതിയിലും സമർപ്പിക്കപ്പെടും. ഈ നടപടികളിൽ ഉൾപ്പെടാത്തവർ ഭൂമി അവകാശങ്ങൾ നഷ്ടപ്പെട്ടവരായി മാറിത്തീരും. സംസ്ഥാന സർക്കാർ ഇതു സംബന്ധിച്ച വിവരം പഞ്ചായത്ത്, കൃഷിവകുപ്പുകൾ മുഖേന മുഴുവൻ കർഷകരെയും അറിയിക്കുകയും സമിതിയുടെ കാലാവധി നീട്ടി വാങ്ങുകയും ചെയ്യണമെന്നു കർഷക സംഘടന നേതാക്കൾ ആവശ്യപ്പെട്ടു.
ഇടുക്കി ജില്ലയിൽതന്നെ ആയിരക്കണക്കിനു കർഷകർ ഈ വിധത്തിൽ അപേക്ഷ നൽകുവാൻ ഇനിയും ബാക്കിയുണ്ട്. അവരുടെ അപേക്ഷകൾ ഈ മാസത്തിൽ തന്നെ നൽകുന്നതിനു ശ്രമിക്കണമെന്നു സംഘടനാ നേതാക്കളായ അഡ്വ. ഷൈൻ വർഗീസ്, കാഞ്ചിയാർ ഗ്രാമപഞ്ചായത്തു മെംബർ ഷാജിമോൻ വേലംപറമ്പിൽ, ജിമ്മിച്ചൻ ഇളംതുരത്തിയിൽ പി.സി. വർഗീസ്, ബാബു പുളിമൂട്ടിൽ, കെ.പി. ഫിലിപ്പ്, റോയി ഇല്ലിക്കാമുറി എന്നിവർ ആവശ്യപ്പെട്ടു.