ജപമാല ദൈവത്തിലേക്ക് ബന്ധിപ്പിക്കുന്ന ചങ്ങല: മാർ അറയ്ക്കൽ
1451158
Friday, September 6, 2024 11:06 PM IST
കാഞ്ഞിരപ്പള്ളി: ദൈവത്തിലേക്ക് നമ്മളെ ബന്ധിപ്പിക്കുന്ന മാധുര്യമുള്ള ചങ്ങലയാണ് ജപമാലയെന്ന് കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ് മാർ മാത്യു അറയ്ക്കൽ. സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോന്പ് തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
നമുക്ക് കരുത്തു നൽകുന്ന ദൈവിക സമ്മാനമാണ് ജപമാല. ജപമാലയെ മുറുകെ പിടിച്ചവരാരും ഇന്നേവരെ നശിച്ചു പോയിട്ടില്ലെന്നും മാർ മാത്യു അറയ്ക്കൽ കൂട്ടിച്ചേർത്തു.
ഇന്നു വൈകുന്നേരം 4.30ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കലും നാളെ വൈകുന്നേരം 4.30ന് സീറോ മലബാർ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
ഭക്തിസാന്ദ്രമായി ജപമാല പ്രദക്ഷിണം
സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ നടന്ന ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായി. എട്ടുനോമ്പാചരണത്തിനും പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളിനും ഒരുക്കമായി എല്ലാ ദിവസവും വൈകുന്നേരം 6.15നാണ് ജപമാല പ്രദക്ഷിണം നടക്കുന്നത്.
ജപമാലയും കത്തിച്ച തിരികളും കൈകളിലേന്തി നിരവധി വിശ്വാസികളാണ് ജപമാല പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നത്. കത്തീഡ്രൽ വികാരി ആര്‍ച്ച് പ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേല്‍, ഫാ. ജേക്കബ് ചാത്തനാട്ട്, റെക്ടര്‍ ഫാ. ഇമ്മാനുവേല്‍ മങ്കന്താനം എന്നിവർ നേതൃത്വം നൽകി.