പഴുക്കാക്കുളം റോഡിനും ഫയർ സ്റ്റേഷനും 2.5 കോടി അനുവദിച്ചു
1451170
Friday, September 6, 2024 11:06 PM IST
തൊടുപുഴ: മുതലക്കോടം - പഴുക്കാക്കുളം റോഡ് ആധുനിക നിലവാരത്തിൽ പുനർ നിർമിക്കാനും തൊടുപുഴ ഫയർ സ്റ്റേഷന് കെട്ടിടം നിർമിക്കാനും രണ്ടര കോടി രൂപ വീതം പി.ജെ. ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ചതായി മുനിസിപ്പൽ കൗണ്‍സിലർ അഡ്വ. ജോസഫ് ജോണ്‍ അറിയിച്ചു. മുതലക്കോടം-പഴുക്കാകുളം റോഡ് ബിഎംബിസി നിലവാരത്തിൽ പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് തദേശവാസികൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തൊടുപുഴ ഫയർ സ്റ്റേഷന് കെട്ടിടം നിർമിക്കാൻ ആവശ്യമായ സ്ഥലം മുണ്ടേക്കല്ലിൽ അനുവദിച്ചിരുന്നെങ്കിലും കെട്ടിട നിർമാണത്തിന് ഫണ്ട് അനുവദിച്ചിരുന്നില്ല. കെട്ടിട നിർമാണത്തിന് ആവശ്യമായ പ്ലാനും എസ്റ്റിമേറ്റും തയാറാക്കുകയും ചെയ്തിരുന്നു.
മുണ്ടേക്കല്ലിൽ നിർദിഷ്ട സിവിൽ സ്റ്റേഷൻ അനക്സിന് സമീപത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
ഇവിടെ എംവിഐപി വക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഫയർ സ്റ്റേഷൻ സിവിൽ സ്റ്റേഷൻ അനക്സ് നിർമിക്കുന്നതിനായി വെങ്ങല്ലൂർ വ്യവസായ പ്ലോട്ടിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു.