വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു
1451594
Sunday, September 8, 2024 5:51 AM IST
കുളമാവ്: പിക്ക്അപ്പും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. നെടുങ്കണ്ടം കൂട്ടാർ സ്വദേശി പാറയ്ക്കൽപുരയിടത്തിൽ സ്കറിയയുടെ മകൻ ഷാരൂഖ് (18) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ബാലഗ്രാം സ്വദേശി അമലിനെ (13) പരിക്കുകളോടെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴരയോടെ തൊടുപുഴ -പുളിയൻമല സംസ്ഥാന പാതയിൽ കുളമാവ് മീൻമുട്ടിയ്ക്കു സമീപത്തെ കൊടുംവളവിലായിരുന്നു അപകടം. ഇരുവരും തൊടുപുഴയിൽ നടക്കുന്ന റവന്യു ജില്ലാ തല ഫുട്ബോൾ ടീം സെലക്ഷൻ ക്യാന്പിൽ പങ്കെടുക്കാൻ വരുന്നതിനിടെയായിരുന്നു അപകടം.
പിക്ക് അപ്പിൽ ഇടിച്ച് റോഡിൽ തെറിച്ചു വീണ വിദ്യാർഥികൾ 15 മിനിറ്റോളം റോഡിൽ കിടന്നു. പിന്നീട് ഇതു വഴി വന്ന വാഹനത്തിൽ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ഷാരൂഖിന്റെ ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നടത്തി. കൂട്ടാർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായിരുന്നു ഷാരൂഖ്. മാതാവ് റംല.