അണക്കെട്ടിലേക്കുള്ള നിയന്ത്രിതപ്രവേശനം ടൂറിസത്തെ ബാധിക്കും: വ്യാപാരി വ്യവസായി സമിതി
1450896
Thursday, September 5, 2024 11:40 PM IST
ചെറുതോണി: ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തത് സ്വാഗതാര്‍ഹമെങ്കിലും സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിച്ചുള്ള പ്രവേശാനുമതി ജില്ലാ ആസ്ഥാനത്തെ ടൂറിസത്തെ ദോഷമായി ബാധിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി നേതാക്കള്‍.
ഫെസ്റ്റിവല്‍ സീസണുകളില്‍ ആയിരിക്കണക്കിന് വിനോദസഞ്ചാരികള്‍ അണക്കെട്ടുകൾ സന്ദര്‍ശിക്കാനെത്തുമ്പോള്‍ കേവലമാളുകള്ക്ക് മാത്രമേ സന്ദര്‍ശത്തിന് അനുവാദം ലഭിക്കുകയുള്ളു.
ഇവിടെയെത്തുന്ന ബഹുഭൂരിപക്ഷം വിനോദ സഞ്ചാരികളും നിരാശയോടെ മടങ്ങേണ്ടിവരികയാണ്.
പ്രതിസന്ധി മറികടക്കാന്‍ ടൂറിസത്തിന്റെ നിലവിലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. അതിന് ജില്ലയിലെ ടൂറിസം മേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം.
ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ നിശ്ചയിച്ചിരിക്കുന്ന സമയപരിധിക്കുളളില്‍ പരമാവധി സന്ദര്‍ശകര്‍ക്ക് അനുവാദം നല്‍കണമെന്നും വര്‍ധിപ്പിച്ച നിരക്കുകള്‍ പൂര്‍വനിലയില്‍ ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്കി.
നേതാക്കളായ സാജന്കുന്നേല്, ബിജു മട്ടക്കല്‍, ലെനിന് ഇടപ്പറമ്പില്‍, തങ്ങള്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് കളക്ടർക്ക് നിവേദനം നല്‍കിയത്.