പുളിയന്മല റോഡിൽ ഗതാഗതക്കുരുക്ക് പതിവ്
1451767
Sunday, September 8, 2024 11:50 PM IST
കട്ടപ്പന: പുറിയൻമല റോഡിൽ ടോറസ് കുടുങ്ങി ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ വളവിൽ കുടുങ്ങുന്നത് പതിവാകുകയാണ്. കുത്തിറക്കത്തോടൊപ്പം ഭീമൻ വളവുകളാണ് പാതയിലുള്ളത്. അതോടൊപ്പം വളവുകളിലടക്കം വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. ടോറസ് ലോറികൾ അടക്കം നന്നേ പാടുപെട്ടെ വളവുകൾ കടന്നുപോകുകയുള്ളൂ. ഈ സമയം ഗർത്തങ്ങളിൽ ടയർ കുടുങ്ങുന്നതോടെ വാഹനം കുടുങ്ങുകയാണ് പതിവ്.
ഞായറാഴ്ച ഉച്ചയോടെയാണ് തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയിൽ ടോറസ് ലോറി കുടുങ്ങിയത്. പുളിയൻമലയിൽനിന്ന് വരുമ്പോൾ ആദ്യത്തെ ഹെയർപിൻ വളവിലാണ് വാഹനം കുടുങ്ങിയത്. ഇതോടെ മണിക്കൂറുകളോളം ഗതാഗതം നിലച്ചു.
തുടർന്ന് കട്ടപ്പന പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വാഹനങ്ങൾ കടത്തിവിടാനുള്ള ശ്രമം ആരംഭിച്ചു. ജെസിബി ഉപയോഗിച്ച് ടോറസ് ലോറി വലിച്ചു നീക്കിയശേഷമാണ് പൂർണതോതിൽ ഗതാഗതം പുനസ്ഥാപിക്കാൻ സാധിച്ചത്. ദീർഘദൂര ബസുകളും വിവാഹ വധൂവരന്മാരും അടക്കം റോഡിൽ കുടുങ്ങി.
തമിഴ്നാട്ടിൽനിന്ന് അടക്കം കേരളത്തിലേക്ക് എത്തുന്ന ചരക്ക് വാഹനങ്ങൾ തൊടുപുഴ -പുളിയന്മല സംസ്ഥാനപാതയുടെ ഭാഗമായ പുളിയന്മല റോഡിലൂടെ കട്ടപ്പനയിലെത്തിയാണ് കടന്നുപോകുന്നത്.
കൂടാതെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പാത കൂടിയാണിത്. സദാസമയവും വലിയ തിരക്കും അനുഭവപ്പെടുന്നു. അഞ്ചോളം ഹെയർപിൻ വളവുകളാണ് കട്ടപ്പന മുതൽ പുളിയന്മല വരെയുള്ള ഭാഗങ്ങളിൽ ഉള്ളത്. റോഡിന് വേണ്ടത്ര വീതിയും ഇല്ല.