ഓണക്കാലത്ത് വ്യാപാരികളെ ദ്രോഹിക്കരുത്
1450898
Thursday, September 5, 2024 11:40 PM IST
നെടുങ്കണ്ടം: സർക്കാരും ഉദ്യോഗസ്ഥരും ഓണക്കാലത്ത് വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികൾ സ്വീകരിക്കരുതെന്ന് മർച്ചന്റ്സ് അസോസിയേഷൻ നെടുങ്കണ്ടം യൂണിറ്റ്. ഓണക്കാലത്ത് എല്ലാ സർക്കാർ വകുപ്പുകളും വേട്ടയാടുന്നത് വ്യാപാര സമൂഹത്തെയാണ്. പരിശോധനകൾ കർശനമാക്കി നിസാരകാര്യത്തിനുപോലും വൻതുക പിഴ ഈടാക്കുന്നു. ഇക്കാരണത്താൽ പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്ന ഓണക്കാലം വ്യാപാരസമൂഹത്തിന് വൻബാധ്യതയാകും.
കോടിക്കണക്കിന് രൂപ നികുതിയടക്കുന്ന വ്യാപാര സമൂഹത്തോടുള്ള സമീപനം മനുഷ്യത്വപരമല്ല. അനധികൃത വഴിയോരക്കച്ചവടത്തിനെതിരേ നടപടിവേണമെന്ന ആവശ്യത്തിനും പരിഹാരമില്ല. വയനാട് ദുരന്തത്തിൽ കോടിക്കണക്കിന് രൂപയാണ് ഇവിടുത്തെ വ്യാപാരസമൂഹം സഹായമായി നൽകിയത്.
ഏലക്കായുടെ ഉത്പാദനക്കുറവ് കർഷകനെ തകർച്ചയിലേക്ക് നയിക്കുകയാണ്. കർഷകന്റെ തകർച്ച വ്യാപാരികളുടെയും തകർച്ചയാണ്. ഓണക്കാലത്ത് മനുഷ്യത്വപരമല്ലാത്ത പരിശോധനകളിൽനിന്ന് ഉദ്യോഗസ്ഥർ മാറിനിൽക്കണമെന്നും അസോസിയേഷൻ നെടുങ്കണ്ടം യൂണിറ്റ് പ്രസിഡന്റ് ആർ. സുരേഷ്, ജന. സെക്രട്ടറി ജയിംസ് മാത്യു, സജീവ് ആർ. നായർ എന്നിവർ ആവശ്യപ്പെട്ടു.